Monday, February 6, 2012

NURSES- SLAVES OR VICTIMS?



     ഇന്ത്യന്‍ നഴ്സിംഗ് മേഖലയില്‍ ഒരു അഗ്നിപര്‍വതസ്ഫോടനം നടന്നിരിക്കുകയാണ്. അതിന്റെ ലാവ ഇന്ത്യന്‍ ആതുരശുശ്രൂഷാരംഗത്ത്‌ ഇനിയും കുറച്ചു നാള്‍ കൂടി പടര്‍ന്നൊഴുകിക്കൊണ്ടിരിക്കും. സഹനത്തിന്റെ എല്ലാ സീമകളും ലംഘിക്കപ്പെട്ടപ്പോള്‍ ആണ് നഴ്സുമാര്‍ സമരരംഗത്തേക്ക് വലിച്ചെറിയപ്പെട്ടത്‌. നഴ്സുമാരുടെ ചോരയും വിയര്‍പ്പും കിനിയുന്ന പണം വാങ്ങി കീശ വീര്‍പ്പിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങളോട് പോലും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന മാനേജുമെന്റുകള്‍ക്ക് പക്ഷെ, ഇനിയും കൂലിത്തല്ലുകാരെക്കൊണ്ടോ പരിഹാസം കൊണ്ടോ തടഞ്ഞു നിര്‍ത്താനാവില്ല ഈ ജീവിതസമരങ്ങളെ.


     മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടില്‍, തൊഴില്‍ സമ്മര്‍ദ്ധങ്ങളില്‍ കുരുങ്ങി  ആത്മഹത്യയില്‍ അഭയം തേടിയ ബീന ബേബിയുടെ മരണം തങ്ങള്‍ ഓരോരുത്തരുടെയും ആണെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ, ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഉള്ള മലയാളി നഴ്സുമാര്‍ ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ സമരങ്ങള്‍ ആരംഭിച്ചു. പൊതുസമൂഹമനസ്സ് നഴ്സുമാര്‍ക്കൊപ്പം ആണെന്ന് മനസ്സിലാക്കിക്കൊണ്ട്, നഴ്സുമാര്‍ അടിമകള്‍ അല്ലെന്നു മാനേജുമെന്റ്സിനെ ഓര്‍മ്മിപ്പിച്ച സുപ്രീംകോടതി സമരക്കാരുടെ ആവശ്യങ്ങളോട് അതിവേഗം അനുകൂലമായി പ്രതികരിച്ചു.

     പതിയെ കേരളത്തിലെ നഴ്സുമാരെയും സമരചിന്തകള്‍ സ്വാധീനിച്ചു തുടങ്ങി. തൃശൂരിലെ മദര്‍ ആശുപത്രിയില്‍ ആദ്യ സമരത്തിനു നോടീസ് കൊടുത്തപ്പോള്‍ എല്ലാവരും വെറും തമാശയായി ആണ് കണ്ടത്. പക്ഷെ നഴ്സുമാരുടെ നീക്കം വിജയത്തിലേക്ക് എത്തിയത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കൊല്ലത് ശങ്കേര്‍സ് ആശുപത്രിയിലും അസ്സീസ്സി ആശുപത്രിയിലും സമരം നടന്നത് ഇതിനു തൊട്ടു മുന്‍പായിരുന്നു. ശങ്കേര്‍സ് ആശുപത്രിയില്‍ നഴ്സുമാരെ വാടക ഗുണ്ടകളെക്കൊണ്ടായിരുന്നു നേരിട്ടത്. മാനേജുമെന്റിന്റെ ഇഷ്ടക്കാരായ ചില നഴ്സുമാരും ഉണ്ടായിരുന്നു, സഹപ്രവര്‍ത്തകരെ തല്ലിയൊതുക്കാന്‍!

     കടുത്ത കാര്‍ക്കശ്യവും ഗൌരവവും ചൂഴ്ന്നു നില്‍ക്കുന്ന, കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ ഒന്നായ, എറണാകുളം അമൃത ഹോസ്പിറ്റല്‍ ആയിരുന്നു അടുത്ത സമരവേദി. പക്ഷെ കാരുണ്യത്തിന്റെ പ്രവാചകയായ മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള ഈ സ്ഥാപനത്തില്‍ നിന്നുണ്ടായ പ്രതികരണം കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ  തന്നെ ഞെട്ടിച്ചു. സമരത്തിന്‌ പദ്ധതിയിട്ട മൂന്നു നഴ്സുമാരെ പിരിച്ചു വിട്ടു. നഴ്സുമാരുടെ സംഘടനാ നേതാക്കളെ ചര്‍ച്ചക്കെന്ന പേരില്‍ ആശുപത്രിക്കുള്ളില്‍ വിളിച്ചു വരുത്തിയിട്ട് അതിനകത്തിട്ടു ഗുണ്ടകലെക്കൊണ്ട് തല്ലിച്ചതച്ചു. ഭീകരമര്‍ദ്ധനത്തില്‍ കാല്‍മുട്ട് തകര്‍ന്ന നഴ്സസ് സംസ്ഥാനസമിതി അംഗം മാസങ്ങള്‍ നീളുന്ന കിടപ്പിലാണ്. പക്ഷെ അമൃതയുടെ പ്രവൃത്തി സംഘടന ശക്തിപ്പെടുത്തിയെന്നു യു.എന്‍.എ പ്രസിടണ്ട് ജാസ്മിന്‍ ഷാ പറയുന്നു. ഗുണ്ടായിസത്തിന്റെ അറ്റം വരെയെത്തിയപ്പോള്‍ അമൃതയിലെ 90  ശതമാനം നഴ്സുമാരും സമരത്തിനിറങ്ങി. അടുത്ത രണ്ടു മൂന്നു ആഴ്ചകള്‍ കൊണ്ട് കേരളത്തിലെ മുന്നൂറോളം ആശുപത്രികളില്‍ യു.എന്‍.എ യൂണിറ്റുകള്‍ തുടങ്ങി. സമരങ്ങളും പടര്‍ന്നു പിടിക്കുന്നു.

     തികച്ചും ശോചനീയമായ തൊഴില്‍ സാഹചര്യത്തിലാണ് ഇന്ത്യയിലെ നഴ്സുമാര്‍ ആതുരസേവനം നടത്തുന്നത്. ജോലിയുടെ പ്രത്യേകതകൊണ്ടും ഭൂരിപക്ഷവും സ്ത്രീകള്‍ ആയതുകൊണ്ടും പൊതുവേ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ഇവര്‍ ശ്രമിക്കാറില്ല. എന്നിട്ടും മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളിലെ നഴ്സുമാര്‍ ശമ്പള വര്‍ധനക്കും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുമായി സമരം ചെയ്യാന്‍ നിര്‍ബന്ധിതരായെങ്കില്‍ അതിനു പിന്നിലെ ദുരിതങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറത്തേക്ക് എത്തിയതുകൊണ്ടു മാത്രമായിരിക്കും.

     മിനിമം വേതന നിയമവും മറ്റും നിലവിലുണ്ടെങ്കിലും വളരെ തുച്ചമായ ശംബലതിനാണ് മിക്ക സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ സേവനം നടത്തി വരുന്നത്. ചുമതലകള്‍ ഏറെ കൂടുതല്‍ ഉള്ള ഐ. സി. യു പോലുള്ള വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക അലവന്‍സുകള്‍ ഒന്നും തന്നെ നല്‍കാറില്ല. ഒരു ദിവസത്തില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇവരാകട്ടെ തുടര്‍ന്നും 24 മണിക്കൂറും എപ്പോള്‍ വിളിച്ചാലും ജോലിക്ക് എത്തേണ്ട വിധം ഓണ്‍ കാള്‍ ഡ്യൂട്ടിയിലും ആയിരിക്കും! വാരാന്ത്യ അവധികലോന്നും നല്കാത്തതുമൂലം ഒരു മാസത്തില്‍ 28 മുതല്‍ 30  ദിവസം വരെ  തുടര്‍ച്ചയായി പല ആശുപത്രികളിലും നഴ്സുമാര്‍ ജോലി ചെയ്യേണ്ടി വരുന്നു. നഴ്സുമാര്‍ക്ക് പ്രസവാവധി പോലും നല്‍കാത്ത ആശുപത്രികള്‍ ഉണ്ട് എന്നത് എത്ര പേര്‍ക്ക് അറിയാം? പലയിടത്തും താമസ സൌകര്യങ്ങള്‍ പോലും തികച്ചും ശോചനീയമാണ്. ജനറല്‍ വാര്‍ഡില്‍ അഞ്ചു രോഗികള്‍ക്കും ഐ. സി. യു- വില്‍ ഒരു നഴ്സ് വീതം വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. പക്ഷെ 15  വരെ രോഗികളെ ഒരു നഴ്സ് തന്നെ പരിചരിക്കുന്ന ആശുപത്രികള്‍ ധാരാളം ഉണ്ട്. ഇതെല്ലാം സഹിച്ചു ജോലി ചെയ്യാന്‍ അധികൃതര്‍ നഴ്സുമാരില്‍ പല തരത്തില്‍ നിര്‍ബന്ധം ചെലുത്താറുണ്ട്. ജോലിക്ക് ചേരുമ്പോള്‍ തന്നെ നഴ്സുമാരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വയ്ക്കുന്ന ആശുപത്രി മാനേജുമെന്റുകള്‍ 2 വര്‍ഷത്തേക്ക് ജോലി ചെയ്യാമെന്നുള്ള ബോണ്ടും നഴ്സുമാരില്‍ നിന്നും ഒപ്പ് ഇട്ടു വാങ്ങാറുണ്ട്. ബോണ്ടിന്റെ കാലാവധിക്ക് മുന്‍പ് ജോലിയില്‍ നിന്നും വിരമിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ ഒരു ലക്ഷം രൂപ വരെയാണ് ആശുപത്രി അധികൃതര്‍ വാങ്ങുന്നത്. മാത്രവുമല്ല കൂടുതല്‍ മെച്ചപ്പെട്ട ജോലിക്കുള്ള അവസരം കിട്ടുന്നവര്‍ക്ക് പ്രവൃത്തി പരിജയ സര്‍ട്ടിഫിക്കറ്റ് പോലും കൊടുക്കാതിരിക്കുകയും ചെയ്യും! അങ്ങനെ ആതുര സേവന രംഗത്തെ മാലാഖമാര്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന, ഫ്ലോറന്‍സ് നൈറ്റിംഗെയിലിന്റെ പിന്‍ഗാമികളെ അടിമപ്പണി ചെയ്യിക്കുന്ന ആശുപത്രികള്‍ക്ക് ഡോക്ടര്‍മാര്‍ക്ക് എത്ര വേണമെങ്കിലും ശമ്പളം കൂട്ടിക്കൊടുക്കാന്‍ ഒരു മടിയുമില്ല. ജോലിഭാരത്തിന്റെയും വേതനത്തിന്റെയും കാര്യത്തില്‍ ഇത്രയും വിപരീതാനുപാതം നിലനില്‍ക്കുന്ന മറ്റൊരു തൊഴില്‍ മേഖലയും ഉണ്ടെന്നു തോന്നുന്നില്ല.

     ദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിലെ മലയാളി നഴ്സ് ആയ ആന്‍സി ദല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്ന് നഴ്സുമാരുടെ അടിമപ്പണി അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ആശുപത്രികളില്‍ മാത്രമല്ല, നഴ്സിംഗ് കൊല്ലെജുകളിലെ നഴ്സിംഗ് വിദ്യാര്‍ഥിനികളും നിരവധി പീഡനങ്ങള്‍ നേരിടുന്നുണ്ട്. രാംമനോഹര്‍ലോഹ്യ നഴ്സിംഗ് കൊല്ലെജിലെ പ്രിന്‍സിപ്പല്‍ നിര്‍മ്മല സിംഗിന്റെ നീചമായ പെരുമാറ്റത്തിന് വിധേയയായ ആതിര റോയി എന്നാ മലയാളി വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ ആശുപത്രികളിലും നഴ്സുമാരെയും നഴ്സിംഗ് വിദ്യാര്‍ഥിനികളെയും രോഗികളുടെ സാന്നിധ്യത്തില്‍ അലറിക്കൊണ്ട്‌ നികൃഷ്ടമായി വഴക്ക് പറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന മേട്രന്മാരുടെയും മറ്റു അധികാരികളുടെയും കാട്ടാളത്തം പലപ്പോഴും രോഗികളുടെ സന്ദര്‍ശകരെ ഇടപെടീക്കുന്ന അത്രയും അമിതം ആവാറുണ്ട് എന്നത് ഒരു ഭീകര സത്യം ആണ്.


     എന്തായാലും നഴ്സുമാരുടെ ഇപ്പോഴത്തെ ഉയിര്‍ത്തെഴുന്നെല്പ്പു ശുഭോതര്‍ക്കമാണ്. വര്‍ഷങ്ങളോളം നിശബ്ദമായി പീഡനം അനുഭവിച്ചുകൊണ്ടിരുന്ന കേരളത്തിനകത്തെയും പുറത്തെയും നഴ്സുമാര്‍ ഉണന്നു കഴിഞ്ഞു. ഈ വെള്ളരിപ്രാവുകളുടെ സമരവസന്തത്തിനു ഇന്ത്യയിലെയും പുറത്തെയും എല്ലാ മനുഷ്യസ്നേഹികളുടെയും ശക്തമായ പിന്തുണയുണ്ട്.
-രഞ്ജന ഡെന്നി

2 comments:

  1. Suchithra, Kottayam9:21 PM, March 02, 2012

    മലയാളത്തിലെ മാധ്യമങ്ങള്‍ നിവൃത്തികേട് ആയപ്പോള്‍ മാത്രം പരിഗണിക്കാന്‍ തയ്യാറായ നഴ്സുമാരുടെ പ്രശ്നങ്ങളെക്കുറിച്ച് ഗൌരവപൂര്‍ണമായ പഠനം നടത്താന്‍ തയ്യാറായ മിറര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  2. ലോകം കയ്യിലൊതുക്കി മിറര്‍ മുന്നേറുന്നു. സന്തോഷം! മലയാളം വായിക്കുമ്പോള്‍ മലയാളിക്ക് ലഭിക്കുന്ന സര്‍ഗ്ഗാത്മക സംതൃപ്തി അനിര്‍വചനീയം തന്നെ! മിററിനും എഡിറ്റര്‍ക്കും അഭിനന്ദനങ്ങള്‍! ഒത്തിരിയൊത്തിരി വ്യത്യസ്ത വാര്‍ത്തകള്‍ മലയാളിതനിമയോടെ ഇനിയും കണ്മുന്‍പില്‍ അനുനിമിഷം കൊണ്ടുവരാന്‍ മിററിന് കഴിയട്ടെ...!

    ReplyDelete