Tuesday, March 20, 2012

KERALA BUDGET 2012- OVERVIEW (A.L ANTONY)

     1975-ല്‍ ആദ്യമായി മന്ത്രി ആയ കെ.എം മാണി ആദ്യമായി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്‌  1976-ല്‍ ആണ്. 10 തവണ ബഡ്ജറ്റ്  അവതരിപ്പിച്ച കേരളത്തിലെ ഏക മന്ത്രി ആയ കെ.എം മാണിയുടെ  ഇത്തവണത്തെ ബഡ്ജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം  56 ആക്കി നിജപ്പെടുത്തിയത് ഒട്ടേറെ ജീവനക്കാര്‍ക്ക് ആശ്വാസം പകരും. കൊച്ചി മെട്രോ പദ്ധതിക്ക് ഇപ്പോള്‍ നീക്കി വച്ചിട്ടുള്ള തുക ഈ കാലാവധിയിലേക്ക് മതിയാവുന്നതാണ്. കേരകര്‍ഷകര്‍, നെല്‍കര്‍ഷകര്‍, മത്സ്യമേഖലയിലെ  തൊഴിലാളികള്‍, മറ്റു താഴേക്കിടയിലെ ജോലിക്കാര്‍ എന്നിവര്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ വിദ്യാഭ്യാസ വായ്പകളുടെ  പലിശ എഴുതിത്തള്ളിയത് അവരുടെ പുരോഗതിയിലേക്കുള്ള കുതിപ്പിന്റെ ഭാരം കുറയ്ക്കാന്‍ സഹായകമാവും. പെന്‍ഷന്‍ തുകകള്‍ വര്‍ധിപ്പിച്ചത് പ്രായമായവര്‍ക്ക് സന്തോഷദായകമാണ്.
     കാലികപ്രസക്തിയുള്ള വിഷയം എന്ന നിലയില്‍ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സബ്സീഡി ഉയര്‍ത്തുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്തത് നല്ലൊരു തീരുമാനം ആണ്.
     വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകള്‍ക്ക്‌ വിമാനത്താവളം അനുവദിക്കുന്നത് ടൂറിസം മേഖലയെ ലക്‌ഷ്യം വച്ചുള്ള നീക്കം എന്ന നിലയില്‍ വളരെ പോസിറ്റീവ് ആണ്. വയനാടിനു ഇപ്പോഴത്തെ റോഡിനു സമാന്തരമായി പുതിയൊരു റോഡിനും കളമൊരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലക്ക് ആയുര്‍വേദ സര്‍വകലാശാല, തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ രംഗത്തെ അലകും പിടിയും മാറ്റല്‍, അഭ്യസ്തവിദ്യര്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍, എല്ലാ ജില്ലകളിലും കിന്‍ഫ്ര പാര്‍ക്കുകള്‍, എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ ഇതെല്ലാം വിദ്യാഭ്യാസ, വികസന മേഖലകളിലെ നിര്‍ണ്ണായകമായ ചുവടുകള്‍ ആണ്.
     ചുരുക്കത്തില്‍ കാര്‍ഷിക, വാണിജ്യ, വ്യാവസായിക, ഗതാഗത, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ അതീവശ്രദ്ധ പതിപ്പിച്ചുകൊണ്ടും മൊത്തത്തിലുള്ള വികസനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയും ഉള്ള പരമാവധി കുറ്റമറ്റ ബട്ജറ്റ് ആണ് ഇത് എന്ന് പ്രതിപക്ഷത്തിന് അറിയാമെങ്കിലും എന്തിനെയും എതിര്‍ക്കുക എന്ന ശീലം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം അവര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തെ ആഭാസം എന്നല്ലാതെ എന്ത് പറയാന്‍??!!!

-എ.എല്‍ ആന്റണി
(കേരള കോണ്‍ഗ്രസ് (എം) മണലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്,
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം)

No comments:

Post a Comment