Thursday, January 5, 2012

GENDER INEQUALITY IN INDIA

     ഇരുപത്തിഒന്നാം നൂറ്റാണ്ടു പിടക്കോഴി കൂവുന്ന നൂറ്റാണ്ടു ആണെന്ന് പണ്ടെന്നോ പ്രഖ്യാപിച്ച രസികന്‍, ഒരിക്കലും കാര്യങ്ങള്‍ ഇത്രത്തോളം എത്തുമെന്ന് കരുതിയിട്ടുണ്ടാവില്ല. പിടക്കോഴികള്‍ ഇപ്പോള്‍ കൂവുക മാത്രമല്ല, പൂവന്‍ കോഴികളുടെ വംശനാശം ആഗ്രഹിക്കുക കൂടി ചെയ്യുന്നുണ്ട് എന്ന് തോന്നും നമ്മുടെ സ്ത്രീകളുടെ ഇപ്പോഴത്തെ ഭാഷയും ഭാവവും കാണുമ്പോള്‍! സത്യത്തില്‍ നമ്മുടെ സ്ത്രീകള്‍ക്ക് എന്താണ് സംഭവിച്ചത്? തങ്ങളെ പുരുഷന്മാര്‍ അടക്കി ഭരിക്കേണ്ട എന്നും തങ്ങള്‍ക്കു പുരുഷന് തുല്യമായ സ്വാതന്ത്ര്യത്തിനു അര്‍ഹതയുണ്ടെന്നും അവസരസമത്വം തങ്ങളുടെ ജന്മാവകാശം ആണെന്നും ഒക്കെയുള്ള ആക്രോശങ്ങള്‍ നമ്മുടെ അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍, എന്താണ്, എവിടെയാണ് പ്രശ്നം?


     ഭാരത പൈതൃകം പരിശോധിച്ചാല്‍ സ്ത്രീക്ക് നമ്മുടെ സംസ്ക്കാരത്തില്‍ വലിയ സ്ഥാനവും പ്രാധാന്യവും ആണ് ഉള്ളത് എന്ന് കാണാം. ഗോത്രവര്‍ഗ്ഗസംസ്ക്കാരകാലത്ത് സ്ത്രീ വലിയ ശക്തിയായിരുന്നു. മനുഷ്യന്‍ വേട്ടയാടി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കരുത്തുകൊണ്ടും മാനസീകദൃഡത കൊണ്ടും പുരുഷന് കുടുംബത്തിലും സമൂഹത്തിലും നേതൃസ്ഥാനം ഉണ്ടായിരുന്നെങ്കിലും കൃഷി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ വീണ്ടും സ്ഥിതി മാറുകയാണ് ഉണ്ടായത്. പുരുഷന്‍ പൂര്‍ണ്ണമായും കൃഷിപ്പണിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു നീങ്ങിയപ്പോള്‍ കുടുംബത്തില്‍ തീരുമാനങ്ങള്‍ എടുക്കലും സ്വാഭാവികമായും സമൂഹത്തില്‍ നേതൃസ്ഥാനം അലംകരിക്കലും സ്ത്രീയുടെ ദൌത്യം ആയി. തുടര്‍ന്നങ്ങോട്ട് വികസിച്ചു വന്ന മനുഷ്യസമൂഹം സ്ത്രീയെ അല്‍പ്പം ഉയരത്തില്‍ പ്രതിഷ്ടിച്ചുകൊണ്ടാണ് മുന്നോട്ടു പോയത്. ഭാരതീയ ദൈവസംകല്‍പ്പങ്ങളില്‍ ശക്തിയുടെയും സംരക്ഷണത്തിന്റെയും സംഹാരത്തിന്റെയും ഉഗ്രമൂര്‍ത്തികള്‍ ആയ ദേവീസങ്കല്പങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.
     ആര്യാധിനിവേശത്തിനു ശേഷം മനുഷ്യനെ ജാതികളും ഉപജാതികളും ആയി തരംതിരിച്ചു , ബ്രാഹ്മണമേധാവിത്വത്തിനു തുടക്കം കുറിച്ച കാലത്ത് പ്രസക്തി ലഭിച്ച 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നാ മനുവാദം ആണ് സ്ത്രീയെ വീണ്ടും അടുക്കളക്കെട്ടുകള്‍ക്ക് അകത്തേക്ക് ഒതുക്കിയത്. പക്ഷെ കാലപ്രവാഹത്തില്‍, അവളെ 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' വീണ്ടും കൊണ്ടുവരാനുള്ള വിപ്ലവകരമായ ചുവടുവെപ്പില്‍ അവളോടൊപ്പം പുരുഷനും ഉണ്ടായിരുന്നു. അതിനു ശേഷം അതിശയകരമായ പുരോഗതിയിലൂടെ അതിവേഗം വികസിച്ചു വന്ന പരിഷ്കൃത സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം ഒരിക്കലും പുരുഷനോടൊപ്പം ആയിരുന്നില്ല; അല്‍പ്പം മുകളില്‍ ആയിരുന്നു. അവളുടെ ജീവശാസ്ത്രപരമായ എല്ലാ പ്രത്യേകതകളും അംഗീകരിച്ചുകൊണ്ട് തന്നെ, അവള്‍ സംരക്ഷണം അര്‍ഹിക്കുന്നു എന്നുള്ള പരിഗണന സാമൂഹ്യചിന്തയുടെ മുഖ്യധാരയായി. നിത്യജീവിതവും ആയി ബന്ധപ്പെടുന്ന ഓരോ ഘട്ടങ്ങളിലും ഏറ്റവും സുരക്ഷിതത്വവും കരുതലും ഉള്ള ഇടം അവള്‍ക്കു ഒരുക്കിക്കൊടുക്കാന്‍ സമൂഹം സ്വമേധയാ പ്രത്യേകം ശ്രദ്ധിച്ചു. ആള്‍ക്കൂട്ടത്തില്‍ സുരക്ഷിതമായ ഇടം, സംസാരത്തില്‍ മാന്യത, പെരുമാറ്റത്തില്‍ കുലീനത്വം എന്നിങ്ങനെയുള്ളവ അവള്‍ അര്‍ഹിക്കുന്നു എന്ന് സമൂഹം സ്വയമങ്ങു തീരുമാനിച്ചു, അവളുടെ നിര്‍ബന്ധമില്ലാതെ തന്നെ. ഇതാണോ സമൂഹം അവളോട്‌ ചെയ്ത തെറ്റ്?
     കുടുംബജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും പിരിമുറുക്കങ്ങളും സ്ട്രെസ്സും സ്വയം ഏറ്റെടുത്ത്‌ അവളുടെ മനസ്സ് വിഷമിപ്പിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിച്ച്‌, സ്നേഹത്തോടും വാത്സല്യത്തോടും കൂടെ അവളുടെ ക്ഷേമം ഉറപ്പു വരുത്തിയ പുരുഷന്‍, സ്ത്രീയെ ഒതുക്കി ഒരിടത്ത് 'ഇരുത്തുക'യായിരുന്നു എന്നാണു നമ്മുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും ഇപ്പോള്‍ ആരോപിക്കുന്നത്! ഇവരുടെ കുറ്റിച്ചൂലും കൊണ്ടുള്ള ആക്രോശങ്ങള്‍ക്ക് മുന്‍പില്‍, തങ്ങള്‍ക്കു പറ്റിയ തെറ്റ് എന്താണെന്നറിയാതെ പുരുഷസമൂഹം പകച്ചു നില്‍ക്കുമ്പോള്‍ ചിന്തകള്‍ അല്‍പ്പം ആഴത്തില്‍ ഓടുന്നത് നല്ലതാണ്.
     പുതിയ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും അംഗീകാരങ്ങള്‍ക്കും ആയി ഇപ്പോഴും പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്ന നമ്മുടെ ദുശ്ശീലം തന്നെയാണ് നമുക്ക് വിനയായത്. അവര്‍ പറയുന്നതും ചെയ്യുന്നതും സ്വന്തം വിവേചനബുദ്ധി അല്‍പ്പവും ഉപയോഗിക്കാതെ പകര്‍ത്തുന്ന നമ്മള്‍ തന്നെയാണ് ഈ വിഷയത്തിലും കുറ്റക്കാര്‍.


     മാറ് മറയ്ക്കാതെ നടന്നിരുന്ന നമ്മുടെ സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മാറിടം വെറുതെയങ്ങു മറച്ചാല്‍ പോര എന്നും മാറിടത്തിന് പ്രത്യേകമായ ഒരു അടിവസ്ത്രം വേണമെന്നും പുറമേ ധരിക്കുന്ന വസ്ത്രത്തിനു അനുസരിച്ച് അടിവസ്ത്രത്തിന്റെയും രൂപവും ഭാവവും മാറണമെന്നും പിന്നീട് മാറിടം ഭാഗീകമായി പ്രദര്‍ശിപ്പിക്കുന്നതാണ്  മനോഹരം എന്നും പടിഞ്ഞാറ് ഉള്ളവര്‍ ഉപദേശിച്ചപ്പോള്‍, 'ശരിയാണല്ലോ' എന്ന് തല കുലുക്കി സമ്മതിച്ച നമ്മുടെ സ്ത്രീകള്‍ അറിഞ്ഞില്ല, ഫ്രാന്‍സിലെ ഒരു 'സ്ത്രീ'യുടെ തലയില്‍ ഉദിച്ച ഫാഷന്‍ ആശയം ആയ 'ബ്രാ' എന്നാ അടിവസ്ത്രത്തിന് ആഗോളവ്യാപകമായി വിപണിയുണ്ടാക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നു. ഈ വിധേയത്വം ആണ് സമത്വ-സ്വാതന്ത്ര്യ വിഷയത്തില്‍ നമ്മുടെ സ്ത്രീകള്‍ക്ക് സംഭവിച്ച മാര്‍ഗ്ഗഭ്രംശത്തിന് കാരണം.
     പുരോഗമനാശയങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ സവിശേഷ ശ്രദ്ധയുള്ള പടിഞ്ഞാറ് നിന്നും ആശയങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആ ചിന്തകളുടെ ആഴത്തിലുള്ള അടിസ്ഥാനവും  സാഹചര്യങ്ങളുടെ പ്രത്യേകതകളും പൂര്‍ണ്ണമായി മനസ്സിലാക്കാതെ 'ഈച്ചക്കോപ്പി' ചെയ്താല്‍ ഉണ്ടാകാവുന്ന ഒരു സ്വാഭാവിക പ്രശ്നം ആണ് ഇത്. യൂറോപ്പില്‍ വളരെ മുന്‍പേ അംഗീകാരം ലഭിച്ച സ്ത്രീ-പുരുഷ സമത്വം എന്ന ആശയം വളരെ പക്വമാണ്- അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍. പുരുഷന് തുല്യമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന മേഖലകളില്‍ സ്ത്രീകള്‍ക്ക് പുരുഷന് തുല്യം അംഗീകാരം ലഭിക്കണം എന്നാണു അവിടെ ഉത്ഘോഷിക്കപ്പെട്ടത്‌. യഥാര്‍തത്തില്‍ വളരെ നല്ലതും ശക്തവും ആയ നിലപാട്തറയുള്ള ഫെമിനിസം ഇന്ത്യയില്‍ എത്തിയപ്പോള്‍ പക്ഷെ, കഥ മാറി- പ്രത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍. ഇവിടെ എല്ലാ മേഖലകളിലും പുരുഷനോടൊപ്പം സ്ത്രീകളും ശക്തമായി രംഗത്തുണ്ട്. അര്‍ഹതയുള്ളവര്‍, പുഷനായാലും സ്ത്രീ ആയാലും അംഗീകരിക്കപ്പെടുക എന്നതാണ് ഇവിടത്തെ രീതി- ജോലികളില്‍ ആയാലും പ്രതിഭകളില്‍ ആയാലും.


     വന്‍ വിജയങ്ങള്‍ കൈവരിച്ച, അംഗീകാരങ്ങള്‍ നേടിയ എത്രയോ സ്ത്രീ രത്നങ്ങളെ നമുക്ക് കാണാം. പക്ഷെ നമ്മുടെ ഫെമിനിസ്റ്റുകള്‍ പറയുന്നത് എന്താണ്? നിലവില്‍ സമൂഹം തങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളും അംഗീകാരവും പരിഗണനയും തങ്ങളുടെ അവകാശമാണെന്നും സ്ത്രീകള്‍ ആയതുകൊണ്ട് തങ്ങള്‍ക്കു ഇനിയും കൂടുതല്‍ ആനുകൂല്യങ്ങളും പരിഗണനകളും വേണമെന്നും വിയര്‍പ്പൊഴുക്കാതെ തങ്ങള്‍ക്കു അധികാരസ്ഥാനങ്ങളില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിത്തരണം എന്നും ആണ് അവരുടെ 'ആവശ്യങ്ങള്‍'!!! വിവിധ വിഷയങ്ങളിലെ ഫെമിനിസ്റ്റുകളുടെ നിലപാടുകളും യഥാര്‍തത്തില്‍ സംഭവിക്കുന്നതും നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക്‌, ഇതെല്ലാം വെറും ജല്‍പ്പനങ്ങള്‍ ആണെന്ന് മനസ്സിലാക്കാന്‍ ഒരു വിഷമവും ഉണ്ടാവില്ല.
     പുരുഷന്‍ ഇന്ന് കാണുന്ന സ്ഥാനങ്ങളിലും അധികാരകേന്ദ്രങ്ങളിലും എത്തിയത് സ്ത്രീകളോടും മറ്റു പുരുഷന്മാരോടും ശക്തമായ മത്സരം നടത്തിയിട്ടാണ്. അവനു ഒരിടത്തും സംവരണത്തിന്റെ ആനുകൂല്യം ഇല്ലായിരുന്നു. ബുദ്ധി കൊണ്ടാണ് അവന്‍ കയറി വന്നത്. 


     ബുദ്ധിയും അറിവും കഴിവും ഉള്ള സ്ത്രീകള്‍ എല്ലാ കാലത്തും പുരുഷനോടൊപ്പം മത്സരിച്ചു ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. അവര്‍ ആരോടും പരാതി പറഞ്ഞു സമയം കളഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് സ്ത്രീകള്‍ എല്ലാ രംഗത്തും സംവരണം ചോദിച്ചു വാങ്ങുന്നു. തന്മൂലം മത്സരം ഒഴിവാകുന്നു. അങ്ങനെ യഥാര്‍ത്ഥ കഴിവുകള്‍ ഇല്ലെങ്കിലും അധികാരങ്ങളില്‍ എത്താന്‍ എളുപ്പവഴി രൂപപ്പെടുന്നു. പുരുഷന് മത്സരിക്കാന്‍ പോലും ഉള്ള അവസരം നഷ്ടപ്പെടുന്നു. ഇങ്ങനെ അര്‍ഹതയില്ലാതെ അധികാരസ്ഥാനങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയപ്പെടുകയും അവിടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നു എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്!!! ഇങ്ങനെ വളഞ്ഞ വഴിക്ക് അധികാരസ്ഥാനങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ പൊതുവേ പുരുഷന്മാരുടെ ഉപദേശക സമിതിയെ തയാറാക്കുകയാണ് പലപ്പോഴും ആദ്യം ചെയ്യുന്നത്. ആശയങ്ങള്‍ കണ്ണും പൂട്ടി പടിഞ്ഞാറ് നിന്നും പകര്‍ത്തുന്ന നമ്മുടെ സ്ത്രീകള്‍ പക്ഷെ ചലനസ്വാതന്ത്ര്യത്തെ ഏറ്റവും അധികം സഹായിക്കുന്ന അവിടത്തെ വസ്ത്രധാരനരീതിയെ പകര്‍ത്താന്‍ മടിച്ചു. എല്ലാ രംഗങ്ങളിലും സമാനമാണ് അവസ്ഥ.
     കഴിവുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്നു വരാന്‍ ഇവിടെ തടസ്സങ്ങള്‍ ഒന്നും ഇല്ലെന്നിരിക്കെ, ഇവരുടെ മുറവിളിക്ക് എന്താണ് കാരണം എന്ന് ചിന്തിക്കുമ്പോള്‍ ആണ് ഈ നാരീരത്നങ്ങളുടെ ഗൂഡലക്‌ഷ്യം മനസ്സിലാവുക. യഥാര്‍ത്ഥ കഴിവുകള്‍ ഇല്ലാത്ത നാരീമണികള്‍, വിയര്‍പ്പൊഴുക്കാതെ അധികാരസ്ഥാനങ്ങളില്‍ എത്താനുള്ള മാര്‍ഗ്ഗം തുറന്നു കിട്ടാന്‍ വേണ്ടിയാണ് ഈ ആക്രോശങ്ങള്‍ മുഴക്കുന്നത്. ഇവര്‍ സത്യത്തില്‍ ആവശ്യപ്പെടുന്നത് എന്താണ്? സമത്വമോ? അതോ സംവരണമോ? സമത്വം ആണെങ്കില്‍ സ്ത്രീ എന്ന നിലക്കുള്ള സംവരണങ്ങള്‍ ഇവര്‍ വേണ്ടെന്നു പറയണം. കാരണം പുരുഷന് ഇവിടെ സംവരണങ്ങള്‍ ഇല്ലല്ലോ? മറിച്ച്‌, സംവരണവും സുരക്ഷിതത്വവും ആണ് ഇവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ സമത്വവാദം ഉപേക്ഷിക്കണം. അതല്ലേ നീതി? സാധാരണക്കാരുടെ നിത്യജീവിതവുമായി ഏറ്റവും ബന്ധമുള്ള ബസ്സ്‌ യാത്രയുടെ കാര്യം തന്നെ നോക്കിക്കൊള്ളൂ. കെ.എസ്.ആര്‍.ടി.സി യിലും സ്വകാര്യ ബസ്സുകളിലും ഏറ്റവും സുരക്ഷിതവും സുഖകരവും ആയ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. പുരുഷന് സംവരണ സീറ്റ് ഇല്ല. ഫലത്തില്‍ സ്ത്രീകള്‍ക്ക് എവിടെയും ഇരിക്കാം; പുരുഷന്മാര്‍ക്ക് അവരുടെ ഔദാര്യത്തില്‍ സീറ്റ് കിട്ടിയാല്‍ കിട്ടി!!! പക്ഷെ കുഞ്ഞുങ്ങളെയും കൊണ്ട് ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് അധികവും പുരുഷന്മാര്‍ ആയിരിക്കും (സ്ത്രീകളുടെ പരസ്നേഹം അപാരം!). ഇത്തരം കൊച്ചു കാര്യങ്ങളില്‍ മുതല്‍ വലിയ അധികാരസ്ഥാനങ്ങളില്‍ വരെ സ്ഥിതി ഇതാവുമ്പോള്‍ യഥാര്‍തത്തില്‍ പുരുഷജീവിതം ഇവിടെ അരക്ഷിതം ആവുകയല്ലേ?
     സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് എതിരെ കുറ്റിച്ചൂലും പല്ലും നഘവും ആയി മുന്നേറുമ്പോള്‍ അവര്‍ക്ക് പിന്തുണയും ആയി ചില പുരുഷന്മാരും രംഗത്ത് ഉണ്ട് എന്നതാണ് രസകരം.ഇവിടെ സ്ത്രീപീദനങ്ങള്‍ എന്ന പേരില്‍ നടക്കുന്നതിന്റെ പകുതിയും സത്യത്തില്‍ പുരുഷപീടനങ്ങള്‍ ആണ്. യഥാര്‍ത്ഥ സ്ത്രീപീടനക്കെസുകളില്‍ ഇരയെ കുടുക്കുന്ന പ്രധാന കണ്ണി എപ്പൊഴും ഒരു സ്ത്രീ തന്നെയാണ്. എന്നാലും പീഡനം എപ്പൊഴും പുരുഷന്റെ തലയില്‍ ആണ് ചാരുന്നത്‌! വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മറവില്‍ സ്ത്രീപീടനബില്ലുകള്‍ ഒന്നൊന്നായി പസ്സാക്കിയെടുക്കുമ്പോള്‍ പാവം പുരുഷന്റെ കാര്യം ഓര്‍ക്കാന്‍ ഒരു പുരുഷന്‍ പോലും ഇല്ല. സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കല്‍ 'ഗാര്‍ഹികപീടന നിയമം' വരെ എത്തിനില്‍ക്കുമ്പോള്‍ എങ്ങോട്ടാണ് ഈ രാജ്യത്തിന്റെ പോക്ക്? പുരുഷന്മാര്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറുമ്പോള്‍ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ലിംഗവിവേചനരഹിതഭാരതം എന്ന ആശയം ഇന്ന് എവിടെ? പുരുഷന്മാര്‍ ഈ രാജ്യത്തെ പൌരന്മാര്‍ അല്ലെന്നുണ്ടോ?
-ഡെന്നി ചിമ്മന്‍ 

3 comments:

  1. U told the truth!

    ReplyDelete
  2. Mini Rajagopal, Canada.2:35 PM, January 29, 2012

    Congratulations... because you & THE MIRROR stand in the right place. Good

    ReplyDelete
  3. I am very happy to say that,THE MIRROR is the 1st media, telling this truth, strongly.

    ReplyDelete