Friday, January 13, 2012

MASTERS or DONKEYS?



     നിയമസഭാസാമാജികര്‍ ജനപ്രതിനിധികള്‍ എന്നാണു പറയപ്പെടുന്നത്‌  എന്നതു എം.എല്‍.എ- മാര്‍ സൌകര്യപൂര്‍വ്വം മറക്കുന്ന ഒരു കാര്യമാണ് എന്നിരിക്കെ, ആരാണ് അവരുടെ യജമാനന്മാര്‍ എന്ന ചോദ്യത്തിന് ജനം എന്ന ഉത്തരം സംശയരഹിതമാണല്ലോ. തങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ തങ്ങളെ  പ്രതിനിധീകരിച്ചു നിയമസഭയില്‍ ഹാജരാകുവാന്‍ പറഞ്ഞയയ്ക്കുന്നത് അതാതു നിയമസഭാ മണ്ഡലങ്ങളിലെ യജമാനന്മാര്‍ ആണ് എന്നതുകൊണ്ട് തന്നെ യജമാനന്മാര്‍ക്ക് ഇല്ലാത്ത യാതൊരു അവകാശങ്ങളും അധികാരങ്ങളും പ്രതിനിധികള്‍ക്കും ഉണ്ടാകാന്‍ പാടില്ലാത്തതല്ലേ? പക്ഷെ അവരുടെ ജോലികള്‍ വേണ്ടപോലെ നിര്‍വഹിക്കാന്‍ ഉള്ള സൌകര്യാര്‍ത്ഥം അവര്‍ക്ക് ചില സവിശേഷ അവകാശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇതാണ് പ്രിവിലേജ്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍ഗണനയും ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പിന്നെ, ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് പൂരകമായി സഭയില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം, കാര്യങ്ങളൊന്നും തന്നെ അവരോടു ആലോചിക്കാതെ, അവരെ അവഹേളിക്കുന്ന തരത്തില്‍ പല എം.എല്‍.എ-മാരും സഭയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ദുരന്തമാണ്.


      ലഘുവായ്പ്പകളും വാഹന, ഭാവന വായ്പ്പകള്‍ക്കുള്ള അലവന്‍സുകളും പ്രിവിലെജും പ്രോട്ടോക്കോള്‍ പ്രകാരം കലക്ടരെക്കാള്‍ മുന്തിയ സ്ഥാനവും ഒക്കെക്കൂടി അഹങ്കാരികള്‍ ആക്കുന്ന എം.എല്‍.എ-മാരെ യജമാനന്മാര്‍ ആയ ജനങ്ങള്‍ അങ്ങോട്ട്‌ ചെന്ന് കണ്ടു നിവേദനങ്ങളും കൊടുത്തു താണുതൊഴുതു കൈകൂപ്പി നില്‍ക്കുന്നിടത്താണ് തങ്ങള്‍ തമ്പുരാക്കന്മാര്‍ ആണെന്ന് വെറും പ്രതിനിധികള്‍ക്ക് തോന്നുന്നത്. തങ്ങളുടെ പ്രതിനിധികള്‍ നിയമസഭയില്‍ സഭ്യേതരമായി പെരുമാറുമ്പോള്‍ അവരെ വിളിച്ചു വരുത്തി സമാധാനം പറയിക്കാന്‍ ഉള്ള അവകാശം അതാതു നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ വിനിയോഗിക്കുമ്പോള്‍ ആണ് ജനാധിപത്യം ശക്തമാവുന്നത്.
     നിയമസഭയില്‍ ഭരണിപ്പാട്ടും കയ്യാങ്കളിയും നടത്തുന്ന എം.എല്‍.എ-മാര്‍ തങ്ങള്‍ക്കു അപമാനം ആണെന്ന് തിരിച്ചറിഞ്ഞു അവരെ ജനകീയ വിചാരണ ചെയ്യാന്‍ അതാതു മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക്‌ അവസരം വേണം. ഓരോ നിയമസഭാ സമ്മേളനം കഴിയുമ്പോഴും മണ്ഡലത്തിലെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാന്‍ എം.എല്‍.എ ബാധ്യസ്ഥനാവുമ്പോള്‍ മാത്രമേ താന്‍ കൊമ്പത്തെ തമ്പുരാന്‍ അല്ല എന്ന ചിന്ത അവരില്‍ ഉണ്ടാവൂ. എം.എല്‍.എ-മാര്‍ മര്യാദക്കാര്‍ ആവണമെങ്കില്‍ അവരെ തിരിച്ചു വിളിക്കുന്നതിനുള്ള അധികാരം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഉണ്ടായേ തീരൂ.


     ജനാധിപത്യവ്യവസ്ഥയില്‍ ഏത് രംഗത്തും നടക്കുന്ന ക്രമക്കേടുകള്‍ ജനത്തിനെതിരാണ്. വ്യവസ്ഥാപിത നിയമങ്ങള്‍ പരാജയപ്പെടുമ്പോള്‍, മനപ്പൂര്‍വം നടപ്പാക്കാതിരിക്കുമ്പോള്‍, ശക്തമായ സാമൂഹ്യനിയമങ്ങള്‍ ഉയര്‍ന്നു വരണം; ജനം ഉണരണം. അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ അധികാരം ഉള്ളവര്‍ എല്ലാം ചേര്‍ന്ന് പൊതുജനങ്ങളെ ഇനിയും കഴുതകള്‍ ആക്കിക്കൊണ്ടിരിക്കും!!!
-കാസ്സി ജേക്കബ്, ദോഹ

2 comments:

  1. Joy, Chittattukara2:48 PM, January 29, 2012

    Congratulations, for finding & mentioning the variety & serious subjects. Wish you all the best.

    ReplyDelete
  2. You are right. Good

    ReplyDelete