Thursday, December 29, 2011

YAATHRA

ഇനി നമ്മള്‍ മാത്രമീ-
മുള്‍ക്കാട് താണ്ടുവാന്‍
ഇനി നമ്മള്‍ മാത്രമീ-
യിരുള്‍ക്കാട്ടിലലയുവാന്‍.
ഇവിടെയീ ബോധി-
വൃക്ഷച്ചുവട്ടിലൊതുക്കുക
ചിതലിച്ച ചിന്ത തന്‍
ഉള്‍പ്പൂവ് കാക്കുക
ഉറവറ്റ കണ്ണിലൂ-
ടൊഴുകും നിണങ്ങളാല്‍
നനക്കുക, ചതിവേറ്റ
സ്മരണക്കു, സ്മൃതി-
തീര്‍ത്ഥം  ഉതിര്‍ക്കുക.
പൊരുള്‍ തേടി, പുഴ തീണ്ടി
വിളയിച്ച പെരുമക്ക്
തണല്‍ തേടി നമ്മളീ
കാനനം താണ്ടുക.
കനിവറ്റ കാട്ടു-
തീയില്‍ പടര്‍ത്തുക.
ഏകാന്ത കദനത്തിന്‍
കയ്പ്പുനീരുപ്പിനെ
നമ്മളീ കാനന-
രഥ്യയിലേകരാ-
ണതിനാല്‍ പരസ്പര-
മാശ്വസിച്ചകറ്റാം വിശപ്പിനെ
ദാഹ നീരുണ്ണാതെ
തുടരാം നമുക്ക്
സ്വര്‍ഗ്ഗവാതിലോളമീ
സ്വപ്നാടനം.
പെരുവഴികളേറുന്നു
തളരുന്നു പിന്നെയും
നിഴല്‍ വീണ സന്ധ്യയി-
ലെരിയുന്നു നോവുകള്‍.
വന്നടുക്കുമീ തമ-
സ്സാഗ്നിയില്‍ വേവാതെ
കാക്കുക നമ്മള്‍ തന്‍
പ്രണയാഗ്നി നാളങ്ങള്‍.
പ്രജ്ഞ തന്‍ സ്വപ്ന-
തുരുത്തിലൂടൊഴുക്കുക
വെയിലേറ്റു വാടിയ
പൊരുളിന്‍ കുഴമ്പിനെ.
ഇനിയീയിരുളാണ്ട രാവില്‍
നാമനല്പ്പരായിറക്കുക
നമ്മള്‍ തന്‍ ഭാരിച്ച
ജീവിത ഭാണ്ഡങ്ങള്‍
പറയുവാനുണ്ടേറെ-
യെങ്കിലുമമര്‍ത്തുക
വ്യഥ തന്‍ തുരുമ്പിച്ച
ഭാരങ്ങളൊതുക്കുക.
വഴി തെറ്റിയലയാതെ
കാക്കാം നമുക്ക്
ഇരുളകന്നുര്‍വ്വിയില്‍
വെളിച്ചം തൂവും വരെ
അതുവരേക്കുമീ
വൃക്ഷച്ചുവട്ടിലെരിച്ചിടാം.
കദനത്തിന്‍ കരിമ്പട-
മതിലേക്കെറിഞ്ഞിടാം.
പിന്നെയീയിരുളിന്‍
തുരുത്തിലൂടിഴച്ചിടാം
ചിറകറ്റ, ചിതലിച്ച
ചിന്ത തന്‍ ഭാണ്ഡങ്ങള്‍
          *          *          *
പൊന്‍പുലരി തന്‍ 
നാമ്പുകള്‍ വിരിയുന്നു
രാക്കിളിപ്പാട്ടിനെ
മായ്ക്കുന്നു പുള്ളുകള്‍.
ഉണരുവാനെന്തിത്
വൈകുന്നു മല്‍സഖീ
ഞെട്ടറ്റ മലര്‍ പോലെ
നിപതിച്ചതെന്തു നീ?
ഈ മുള്‍ക്കാട്ടിലെന്നെ-
യൊറ്റക്കെറിഞ്ഞിട്ടു
ഒരു വാക്ക് മിണ്ടാതെ
പോയതെന്തേ സഖേ?
എങ്കിലും നീയെന്റെ
തോളിലൊതുങ്ങുക
ഈ മുള്‍ക്കാട് താണ്ടുവാന്‍
നാമേറ്റതല്ലയോ?
ഇനിയേറെയലയേണ്ട-
തുണ്ടിനി നമ്മള്‍ തന്‍
ജന്മസാഫല്യ-
തുരുത്തിലെത്തീടുവാന്‍
ഉള്ളിലാളുന്ന വിരഹ-
താപാഗ്നിയെന്‍
അന്തരാളങ്ങളെ
പൊള്ളിയടര്‍ത്തുന്നു
ഉഴറുന്ന പാദങ്ങ-
ളിടറുവാന്‍ വെമ്പുന്നു
ഭാരമേറുന്നു മമ
തോളിലും ഭീമമായ്
പെരുവഴികളേറുന്നു
തളരുന്നു പിന്നെയും
പൊരുളിന്റെ വഴിയാകെ
മറയാതെ മറയുന്നു
പെരുകുന്നു വീണ്ടു-
മുള്ളിലാശങ്കകള്‍
ഈ യാത്രയൊടുങ്ങുമോ
ജന്മ സാഫല്യത്തില്‍.....???
          *          *          *


-അളകനന്ദ , അടൂര്‍.

No comments:

Post a Comment