Friday, October 14, 2011

PALASTHEEN- AMERICA- INDIA


     അമേരിക്കയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംവിധാനത്തില്‍ നിന്നും പലസ്തീന്‍ പ്രശ്നം വിശാല അന്താരാഷ്‌ട്ര വേദിയില്‍ (യു.എന്‍ പൊതുസമ്മേളനത്തില്‍) എത്തിച്ചിരിക്കുകയാണ് ഇതുവരെ അമേരിക്കയുടെ വിനീതവിധേയന്‍ എന്നും ബലഹീനനായ നേതാവ് എന്നുമുള്ള ആരോപണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്ന പലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ്. പലസ്തീന് രാഷ്ട്രപദവി നല്‍കണമെന്നുള്ള അപേക്ഷക്ക് പലസ്തീന്‍ ജനതയുടെ ഏതാണ്ട് പൂര്‍ണ്ണമായ പിന്തുണയുണ്ട്. ഇസ്രായേലുമായി നേരിട്ടുള്ള കൂടിയാലോചനകളില്‍ക്കൂടി മാത്രമേ പലസ്തീന് രാഷ്ട്രമെന്ന അംഗീകാരം ലഭിക്കൂ എന്ന അമേരിക്കന്‍ നിലപാടിനെ അബ്ബാസ് പരസ്യമായി തിരസ്ക്കരിച്ചു.
     അമേരിക്കക്ക് ഈ വിഷയം പക്വതയോടെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആവശ്യമായ ഒത്തുതീര്‍പ്പുകള്‍ക്ക് ഇസ്രായേലിന്റെ മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശേഷി അമേരിക്കക്ക് ഇതുവരെ ഉണ്ടായിട്ടില്ല. വിശ്വസിക്കാവുന്ന ഒരു ഇടനിലക്കാരനാണ് അമേരിക്ക എന്ന് ഭൂരിപക്ഷം പലസ്തീന്കാരും വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് പലസ്തീന്‍കാര്‍ നേരിട്ട് യു.എന്നിനെ സമീപിച്ചത്. ഒരു വര്‍ഷം മുന്‍പ് വെസ്റ്റ്ബാങ്കിനുള്ളില്‍ ജൂതകുടിയേറ്റം ശക്തിയായതോടെ അവസാനമായി തകര്‍ന്ന സമാധാനശ്രമങ്ങളില്‍ പലസ്തീന്‍കാര്‍ക്കുള്ള അവസാന ആശയും നഷ്ടപ്പെട്ടു കഴിഞ്ഞു. "അമേരിക്കന്‍ ഇടനില ഇനി ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. അന്താരാഷ്‌ട്ര സമൂഹത്തോട് ഞങ്ങള്‍ നീതിക്കായി അപേക്ഷിക്കുന്നു"-അബ്ബാസ് നയം വ്യക്തമാക്കി. പലസ്തീന് അംഗീകാരം നല്‍കുകയെന്നത് യു.എന്നിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ സാഹചര്യത്തില്‍ എന്തുകൊണ്ടും ഒരു ദേശത്തെ അംഗീകരിക്കുക എന്ന മാന്യമായ കടമ മാത്രമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി രാഷ്ട്രസ്ഥാപനങ്ങള്‍ സൃഷ്ടിക്കാനും സുരക്ഷാസേനകള്‍ ഉണ്ടാക്കാനും കഴിഞ്ഞ പലസ്തീന്‍ അതോറിറ്റിക്ക് ചൂണ്ടിക്കാണിക്കാന്‍ പലസ്തീന്‍ എന്ന രാഷ്ട്രത്തിന് വേണ്ട പല വ്യവസ്ഥാപാലനങ്ങളും ഉണ്ട്. ഗ്രീന്‍ലൈനിനുള്ളില്‍ നിര്‍വചിക്കാവുന്ന ഒരു പ്രദേശവും പലസ്തീന്‍ അതോറിറ്റി എന്ന രൂപത്തില്‍ ഒരു സര്‍ക്കാരും ഉണ്ട്.


     അബ്ബാസിന്റെ ഈ നീക്കത്തിനോട് ഒബാമ പ്രതികരിച്ചത് യു.എന്നിന്റെ ചാര്‍ട്ടര്‍ പ്രഖ്യാപിക്കുന്ന ലക്ഷ്യങ്ങളെ നിഷേധിച്ചുകൊണ്ടാണ്. പ്രമേയങ്ങളും പ്രഖ്യാപനങ്ങളും വഴി സമാധാനം ഉണ്ടാക്കുകയും ഉറപ്പാക്കുകയും ആണ് യു.എന്നിന്റെ കര്‍ത്തവ്യം. പലപ്പോഴും യു.എന്നിന്റെ പ്രമേയങ്ങളെ സമാധാനത്തിനു വേണ്ടി എന്ന വ്യാജേന ദുരുപയോഗം ചെയ്ത ഒരു രാഷ്ട്രത്തിന്റെ തലവനാണ് ഒബാമ. ഇറാക്കിലും ലിബിയയിലും സംഭവിച്ച കാര്യങ്ങള്‍ക്ക് ഉപയോഗിച്ചത് യു.എന്‍ പ്രമേയങ്ങളുടെ തണലാണ്‌. വേട്ടക്കാരനെ തുടര്‍ച്ചയായ കള്ളപ്രചാരണത്തിലൂടെ ഇരയാക്കി മാറ്റുക എന്ന കുടിലതന്ത്രം തുടര്‍ച്ചയായി പയറ്റുന്ന അമേരിക്കയുടെ മുഖം മൂടിയുടെ നിര്‍മ്മാതാക്കള്‍ ഇസ്രായേല്‍ ആണെന്ന് ഇതോടെ പരസ്യമായി. അറബ് വസന്തത്തിനു പ്രശംസ നല്‍കിയ ഒബാമ അറബ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയായ പലസ്തീന്റെ രാഷ്ട്ര പടവിയോട്‌ ധിക്കാരത്തോടെയുള്ള നിഷേധമാണ് പ്രകടിപ്പിച്ചത്.
     നിലനില്‍ക്കുന്ന ഇടത്തില്‍ ഇസ്രായേല്‍ ഒറ്റപ്പെട്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇസ്രായേലിനു തന്നെയാണ്. ഇസ്രായേലുമായി സുഹൃത്ബന്ധം പുലര്‍ത്തിയിരുന്ന ഈജിപ്തും തുര്‍ക്കിയും ജോര്‍ദാനും ഇസ്രായേലുമായി പരസ്യമായി ഇടഞ്ഞു കഴിഞ്ഞു. സ്വീകാര്യമായ ഒരു നല്ല അയല്‍ക്കാരനാകാന്‍ ആരുമായും ഇസ്രായേലിനു കഴിയാത്തത് എന്തുകൊണ്ട്? അമേരിക്കയില്‍ ഏറ്റവും കരുത്തുള്ള ഒരു രാഷ്ട്രീയ ശക്തിയായ അമേരിക്കന്‍-ഇസ്രായേല്‍ ലോബിക്ക് ഒരു അമേരിക്കന്‍ പ്രസിടണ്ട് തിരഞ്ഞെടുപ്പിന്റെ കാലത്ത് അമേരിക്കയുടെ നയങ്ങളെ ഇതു ചതിക്കുഴികളിലൂടെയും നയിക്കാന്‍ കഴിയും എന്ന് തെളിയിക്കുന്ന, യു.എന്നിലെ ഒബാമയുടെ പ്രസംഗം ഒരു പുതിയ സത്യത്തിനുള്ള അംഗീകാരമായി- പശ്ചിമേഷ്യയിലെ സമാധാന നിര്‍മ്മിതിയുടെ ശില്പിയായി അമേരിക്ക ദശകങ്ങളോളം കൊണ്ടുനടന്ന മേധാവിത്വം ഇനി മറ്റുള്ളവരുമായി പങ്കുവക്കേണ്ടി വരുകയോ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കേണ്ടിവരുകയോ ചെയ്യും എന്ന വലിയ സത്യം.


     ഇതിന്റെ ലക്ഷണമാണ് ഒബാമക്ക് തൊട്ടുപുറകെ പ്രസംഗിച്ച ഫ്രഞ്ച് പ്രസിടണ്ട് നിക്കോളാസ് സര്‍ക്കോസിയുടെ തീ തുപ്പുന്ന വാക്കുകള്‍. ഒബാമയുടെ നിലപാട് സ്വീകാര്യമല്ലെന്ന് തുറന്നടിച്ച സര്‍ക്കോസി, സമയബന്ധിതമായ ഒരു കരാറിന്റെ കൃത്യമായ നടപ്പാകല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചു. പലസ്തീന്റെ അപേക്ഷയില്‍ അമേരിക്ക വീറ്റോ പ്രയോഗിച്ചാല്‍ പശ്ചിമേഷ്യയില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും സമാധാന പ്രക്രിയക്ക് നേതൃത്വം നല്‍കാനുള്ള ഒബാമയുടെ കഴിവില്‍ അവിശ്വാസം രേഘപ്പെടുത്തുകയും ചെയ്ത സര്‍ക്കൊസിയായിരുന്നു ലിബിയയിലെ നാറ്റോ സഖ്യത്തിന്റെ വിജയത്തിന്റെ മുഖ്യ ശില്പി എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്കക്കും ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും ചെയ്യാന്‍ കഴിയും എന്ന സൂചിപ്പിക്കലായിരുന്നു അദ്ധേഹത്തിന്റെ വാക്കുകളുടെ പൊരുള്‍ എന്ന് വ്യക്തമാണ്.
     പലസ്തീനി ജനതയുടെ അവകാശങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചു ഒരു അന്താരാഷ്‌ട്ര മുന്നേറ്റം കെട്ടിപ്പടുക്കുകയെന്നാല്‍ ചരിത്രകാലങ്ങളായി തങ്ങള്‍ ജീവിച്ചുകൊണ്ടിരുന്ന ഭൂമി നഷ്ടപ്പെടുകയും ഒരു നൂറ്റാണ്ടായി ക്രൂരതകള്‍ക്ക് വിധേയരാവുകയും ചെയ്ത ഒരു ജനതയെ അനുകൂലിക്കുക മാത്രമല്ല, മറിച്ചു ലോകത്തെ സാമ്രാജ്യത്വ പദ്ധതിയുടെ സങ്കീര്‍ണ്ണവും അവിഭാജ്യവുമായ ഘടകമായ, സാമ്രാജ്യമോഹങ്ങള്‍ ഉള്ള ഒരു മേഖലാ-വന്ശക്തിക്കേതിരായ മുന്നേറ്റം ഉണ്ടാക്കുക എന്നതുകൂടിയാണ്. ഇന്ത്യയിലെ ദേശീയപ്രസ്ഥാനവും സമൂഹത്തിലെ എല്ലാ പുരോഗമനശക്തികളും ചരിത്രപരമായി പലസ്തീനിലെ സയണിസ്റ്റ് പദ്ധതിക്കും ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതിക്കും എതിരായിരുന്നു. ഇസ്രായേലിന്റെ രാഷ്ട്രപദവി പോലും അന്‍പതുകളില്‍ നമ്മള്‍ അംഗീകരിച്ചത് വലിയ വിഷമത്തോടെയായിരുന്നു. 1988-ല്‍ പി.എല്‍.ഓ-ക്ക് ഒരു നയതന്ത്ര കാര്യാലയം തുറക്കാന്‍ അനുവാദം നല്‍കിയ ആദ്യ അറബ് ഇതര രാഷ്ട്രം ഇന്ത്യയായിരുന്നു. ഇസ്രായേലുമായി ആദ്യമായി പൂര്‍ണ്ണ നയതന്ത്രബന്ധം തുടങ്ങിയ 1992-ലാണ് ഇതിനു മാറ്റം വരാന്‍ തുടങ്ങിയത്.
     ഈ കാലത്തായിരുന്നു ഇന്ത്യയുടെ ആഭ്യന്തരനയം നവ ഉദാരതയിലേക്ക് ചായുന്നതും ബി.ജെ.പി ശക്തമാവുന്നതും. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് "ഇന്ത്യയുടെ വിദേശനയം ഇതുവരെ മുസ്ലീം വോട്ടുബാങ്കിന്റെ തടവിലായിരുന്നു" എന്ന് ക്ഷമാപണപൂര്‍വം അന്നത്തെ വിദേശകാര്യമന്ത്രി ജറുസലേമില്‍ പ്രസ്താവിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി. ഇതോടെ ഇന്ത്യ തള്ളിക്കളഞ്ഞത് ഇസ്രായേല്‍ ഒരു കുടിയേറ്റ രാഷ്ട്രവും അധിനിവേശ ശക്തിയും ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ വിദേശനയത്തിന്റെ സവിശേഷതകള്‍ ആണ്.


     അതുകൊണ്ട് പാലസ്തീനിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഇസ്രായേലിനു എതിരായും ഉള്ള മുന്നേറ്റം എന്നത് നമ്മുടെ രാജ്യത്തെ വലതുപക്ഷ, സമഗ്രാധിപത്യ പാതയിലേക്കുള്ള വ്യതിയാനത്തിന് എതിരായ ചെറുത്തു നില്‍പ്പുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു!!!


-ഗബ്രിയേല്‍ യേരുശലാമി

2 comments:

  1. Mrudula Prabhakar4:19 AM, October 15, 2011

    U.S.A is a worldwide THIEF.

    ReplyDelete
  2. Nammude valathu / idathu pakshangalil nilayurappichirikkunna maadhyamangalkku ore alavil manjappitham baadhichirikkunnathinaal sathyam kaanaanum kandaal thanne vilichu parayaanum madi thonnunna nagna sathyangal vilichu paranja THE MIRROR-inum DENNY CHIMMEN-um aashamsakal...

    ReplyDelete