Wednesday, October 5, 2011

IROM SHARMILA CHAANU- MANIPPOORINTE DHUKKAM



     നിരാഹാരോത്സവവും നിരാഹാരസമരവും തമ്മിലെ അന്തരമുണ്ട് അണ്ണാ ഹസാരെയുടെ സമരവും ഇറോം ഷര്‍മിള ചാനുവിന്റെ സമരവും തമ്മില്‍. അറിയില്ലേ, ഇറോം ശര്‍മിളയെ? മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയാന്‍ ആവശ്യപ്പെട്ട്  11 വര്‍ഷമായി തുടര്‍ച്ചയായി നിരാഹാരം അനുഷ്ടിക്കുന്ന യുവതി. പ്രകടനപരതയും രാഷ്ട്രീയബന്ധങ്ങളും മാധ്യമപിന്തുണയും നേടാനുള്ള വഴികള്‍ ഒന്നും കയ്യില്‍ ഇല്ലെങ്കില്‍ എന്താവും നിങ്ങളുടെ സ്ഥിതി എന്ന് അറിയാന്‍ മണിപ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലിലേക്ക് പോയാല്‍ മതി.
     പെട്ടെന്ന് ഒരു ദിവസം പൊട്ടിമുളച്ചു ഇന്ത്യയുടെ തന്നെ പ്രതീകമായി മാറിയ ഹസാരെയെപ്പോലെയല്ല ഇറോം ഷര്‍മിള. ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 309 അനുസരിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് ആരോപിച്ച് അവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും നിര്‍ബന്ധിച്ച് മൂക്കിലൂടെ പ്രോട്ടീന്‍ ദ്രാവകങ്ങള്‍ കൊടുത്ത് അവരുടെ ജീവന്‍ നിലനിറുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 2000 നവംബര്‍ 2 നു ഇമ്ഫാലിന് സമീപം മാലോമില്‍ ബസ്സ്‌ കാത്തു നിന്ന പത്ത് ആളുകളെ പട്ടാളക്കാര്‍ വെടിവച്ചു കൊന്നത് വിപ്ലവകാരികള്‍ പട്ടാള ക്യാമ്പ് ആക്രമിച്ചു എന്ന ന്യായം പറഞ്ഞാണ്. ബസ്സ്‌ സ്റ്റോപ്പില്‍ വധിക്കപ്പെട്ടവരില്‍ ഒരു വൃദ്ധയും ധീരതക്കുള്ള ഒരു ദേശീയ അവാര്‍ഡ് ജേതാവും ഉണ്ടായിരുന്നു. ഇത്തരമൊരു വെടിവെപ്പ് നടത്താന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന പ്രത്യേക സൈനീകാവകാശ നിയമം പിന്‍വലിക്കണമെന്ന്  ആവശ്യപ്പെട്ടു ശര്‍മ്മിള സമരം തുടങ്ങി. ഈ നിയമപ്രകാരം സൈന്യത്തിന് ആരെ വേണമെങ്കിലും സംശയത്തിന്റെ ന്യായം പറഞ്ഞു അറ്റസ്റ്റ് ചെയ്യുകയോ വധിക്കുകയോ ചെയ്യാം. ആദ്യം മണിപ്പൂരിലും പിന്നീട് മറ്റു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലവില്‍ വന്ന ഈ കിരാതനിയമപ്രകാരം ഈ നിയമം ദുരുപയോഗം ചെയ്യുന്ന സൈനീകരെപ്പോലും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ നിയമനടപടികള്‍ക്കു മുന്നില്‍ എത്തിക്കാനാവില്ല. നിരവധി പീഡനങ്ങളും കുറ്റകൃത്യങ്ങളും ഈ നിയമത്തിന്റെ മറവില്‍ അവിടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ വിരുദ്ധമായ ഈ നിയമത്തിനെതിരെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പ്രധിനിധികളും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയും ഇടപെട്ടിട്ടും നിയമപരിഷ്ക്കാരത്തിനോ മാറ്റത്തിനോ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ല.

     ശര്‍മ്മിള നിരാഹാരം തുടങ്ങിയിട്ട് നവംബര്‍ 4-നു 11 വര്‍ഷം തികയുന്നു. പത്രപ്രവര്‍ത്തകയും കവയിത്രിയുമായ ശര്‍മ്മിള നിരാഹാരം തുടങ്ങുമ്പോള്‍ അവര്‍ക്ക് 28 വയസ്സായിരുന്നു. സ്വന്തം ജീവിതത്തിന്റെ വസന്തകാലം മുഴുവനും നാടിനു വേണ്ടി ഹോമിച്ച അവരുടെ സ്വസ്ഥമായ കുടുംബജീവിതം നഷ്ടപ്പെട്ടിട്ടും അവരുടെ സ്വരത്തില്‍ ഒട്ടും പതര്‍ച്ചയില്ല. നിരന്തരമായ ഉപവാസം മൂലം അവരുടെ ആര്‍ത്തവചക്രം നിലച്ചു കഴിഞ്ഞു. തന്റെ സമരം ലക്‌ഷ്യം കണ്ടതിനു ശേഷമേ അമ്മയെ കാണുന്നുള്ളൂ എന്നാണു ശര്‍മ്മിളയുടെ നിലപാട്. ഇതിനിടയില്‍ ഒരുപാട് പുരസ്കാരങ്ങള്‍ ഷര്‍മ്മിളയെ തേടിയെത്തി. വലിയ നേട്ടങ്ങളും മാധ്യമ ശ്രദ്ധയും ദേശീയ തലത്തില്‍ താരപദവിയും ഒന്നും നേടാന്‍ കഴിയാഞ്ഞിട്ടും നിരാശയില്ലാതെ തന്റെ സമരം നിര്‍ഭയം തുടരുകയാണ് ഇറോം ശര്‍മ്മിള ചാനു. ശര്‍മ്മിളയുടെ സമരം ലക്‌ഷ്യം നേടാന്‍ വൈകുകയും അവരുടെ ശരീരം കൂടുതല്‍ ക്ഷീണിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള, പൌരന്മാരുടെ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തെ പിടിച്ചുപറിക്കുന്ന സൈന്യത്തിന്റെ പ്രസക്തിയും ഭരണകൂടത്തിന്റെ സാധുതയും ആണ്.

-വീണ നായര്‍ 

3 comments:

  1. Congratulations for VEENA NAIR & DENNY CHIMMEN for bringing IROM SHARMILA CHANU (who is being dangerously neglected by the mainstreem medias in malayalam) back to the minds of malayalees.

    ReplyDelete
  2. Manippoorile saadhaarana janangalude vikaaram manassilaakkukayum prathifalippikkukayum cheyyunna MIRROR Magazinum VEENA NAIRkkum abhinandanangal.

    ReplyDelete
  3. oru kettuparijayavum illaatha raajyangalkku polum aikyadhaardyam prakhyaapichukondu ivide bakkattu pirivu nadathunnavar oru naattile muzhuvan janangaludeyum sanchaara swaathanthryathinu vendi jeevan balikazhichum poraattam thudarunna IROM SHARMILAye kanda bhaavam polum nadikkunnilla!!!!!

    ReplyDelete