Sunday, September 25, 2011

VALARCHAYILE VILARCHAKAL

     ബാല്യം എത്ര നിഷ്കളങ്കവും നിര്‍മലവുമാണ്! അതിന്റെ സ്വാഭാവിക തുടര്‍ച്ചയായി കൌമാരം വരുന്നു. കുതൂഹലങ്ങള്‍ നിറഞ്ഞ പതിമൂന്നു വയസ്സ്. ലോകത്തെ ആശ്ലേഷിക്കാന്‍ വെമ്പുന്ന പ്രായം. അറിയാനുള്ള ആകാംക്ഷ മുറ്റി നില്‍ക്കുന്ന ഈ സമയത്ത് തികഞ്ഞ നിഷ്കപടതയോടെയല്ലേ കുട്ടി ലോകത്തെ സമീപിക്കുന്നത്? ജീവിതവീക്ഷണം രൂപപ്പെടേണ്ട സമയത്ത് ആദര്‍ശപ്രചോധിതമായി പ്രവര്‍ത്തിക്കാനുള്ള മണ്ഡലമാണ് അവനു / അവള്‍ക്കു തുറന്നുകൊടുക്കേണ്ടത്. അറിവിന്റെ ചക്രവാളസീമകള്‍ ലക്‌ഷ്യം വച്ചു പറക്കാന്‍ അവനില്‍ / അവളില്‍ സ്വപ്നങ്ങളും ചിറകുകളും വേണം. മാതാപിതാക്കള്‍ മുതല്‍ അധ്യാപകര്‍ വരെ അവര്‍ക്ക് മാതൃകാവ്യക്തിത്വങ്ങള്‍ ആവണം. വിദ്യാഭ്യാസവും വിദ്ധ്യാലയാന്തരീക്ഷവും ചിന്തയുടെ ലോകത്തേക്ക് അവരെ ആനയിക്കണം. അതിനുള്ള അഭിരുചി വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനു കഴിയണം. ആരോഗ്യകരമായ സാഹചര്യങ്ങള്‍ കുട്ടികളില്‍ ആദര്‍ശങ്ങള്‍ വളര്‍ത്തുന്നു. ചിട്ടയും ലക്ഷ്യബോധവും അവരില്‍ നിറക്കാന്‍ ഇതെല്ലാം കൂടിയേ തീരൂ. ഒരു കുട്ടി കാട്ടുവള്ളി പോലെ ലക്‌ഷ്യം തെറ്റി വളഞ്ഞു പുളഞ്ഞു പോകുന്നെങ്കില്‍ ആദ്യം അവന്‍ / അവള്‍ അല്ല കാരണം എന്നും സാഹചര്യങ്ങളില്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്നും ചിന്തിക്കാന്‍ കഴിയുന്ന പക്വതയുള്ള മുതിര്‍ന്നവര്‍ സമൂഹത്തില്‍ ഉണ്ടാവണം.
     നല്ല വിദ്യാഭ്യാസത്തിനു കുറെയൊക്കെ മാര്‍ഗ്ഗദര്‍ശനം കൊടുക്കാന്‍ കഴിയും. പക്ഷെ നമ്മുടെ പഠനക്രമങ്ങളില്‍ ഇന്ന് നന്മകള്‍ക്കുള്ള സ്ഥാനം എവിടെയാണ്? നല്ല വ്യക്തിത്വം വളര്‍ത്തുക എന്നതിനേക്കാള്‍ പ്രാധാന്യം പണക്കാരനാവുന്നതില്‍ വിജയിക്കുക എന്നതാണെന്ന നമ്മുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും ചിന്താരീതികള്‍ ലക്‌ഷ്യം കണ്ടു തുടങ്ങിയിട്ടുണ്ടെന്നതിന്റെ തെളിവാണ് നമ്മുടെ കുട്ടികളും കൌമാരക്കാരും ഇന്ന് കൂടുതല്‍ പ്രശ്നക്കാരും ശല്യക്കാരും ക്രിമിനല്‍സും ആയിട്ടുള്ള സമീപകാല സാഹചര്യം! വികലമായ കാഴ്ചപ്പാടുകളും വികലമായ മാതൃകകളും വികലമായ വ്യക്തിത്വങ്ങളെയേ സൃഷ്ടിക്കൂ. കൃത്രിമമായ സദാചാരബോധം തലമുറകളില്‍ അടിച്ചേല്‍പ്പിക്കുന്ന ക്രൂരത ലൈംഗീക അരാചകത്വത്തിന്റെ  മലവെള്ളപ്പാച്ചിലിനാണ്‌ വഴിതെളിച്ചത് എന്ന സാമൂഹ്യശാസ്ത്രജ്ഞരുടെ അറിയിപ്പുകളെ അവഗണിക്കുന്ന നമ്മുടെ ഇന്നത്തെ തെറ്റിന് നാളെ ആരൊക്കെ പിഴയടക്കേണ്ടി വരുമോ ആവോ? ഈ വഴിയില്‍ വന്ന ആദ്യ തലമുറ ഇന്നത്തെ മുതിര്‍ന്നവരായപ്പോള്‍ പിന്നത്തെ തലമുറയില്‍ നിന്നും എന്തെങ്കിലും നന്മകള്‍ പ്രതീക്ഷിക്കുന്നത് തന്നെ കുറ്റകരമല്ലേ? ഇന്നത്തെ മുതിര്‍ന്നവരില്‍ സംഭവിച്ച സദാചാരത്തകര്‍ച്ചയും വഴിതെറ്റലും പുതിയ തലമുറയിലും പ്രതിഫലിക്കുന്നു എന്നല്ലേ ഉള്ളൂ?
     പൊതുവില്‍ സംഭവിച്ചിരിക്കുന്നത് ഈ വഴിതെറ്റിവീഴ്ചയാണ്. പ്രത്യേകിച്ചും അപക്വമായ സമയത്ത്  അനിയന്ത്രിതമായ ലൈംഗീകാകര്‍ഷണത്തില്‍പ്പെടുന്നത്  ആപത്താണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമാനസാഹചര്യം ഉണ്ടാവുന്നു? രതിവൈക്രുതങ്ങള്‍ പകര്‍ച്ചവ്യാധികളെക്കാള്‍ വേഗത്തിലാണല്ലോ ദേശീയ തലത്തില്‍ പടരുന്നത്‌? കൌമാരത്തിനുമുന്പേ കുട്ടികളില്‍ ലൈംഗീകാഭിനിവേശം വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ പടച്ചുവിടുന്ന ചാനല്‍ദൃശ്യങ്ങളും പരസ്യങ്ങളും സിനിമകളും അധമവാസനകളുടെ ദേശീയ വിത്താണ് പാകിയത്‌. ഇത്തരം ദൃശ്യങ്ങള്‍ കണ്ടുണരുന്ന ഇന്ത്യന്‍ കൌമാരം വളരെയെളുപ്പം കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തുന്നു. വിചാരണക്കായി കയ്യാമം വക്കപ്പെട്ടു ശിരസ്സ്‌ കുനിച്ചു നടന്നുപോവുന്ന ഇന്ത്യന്‍ യുവത്വത്തെ ഓര്‍ത്ത് അതിശയത്തോടെ മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ ഓര്‍ക്കുക, പ്രേരണക്കുറ്റത്തില്‍ നിന്നും തെളിവുകളുടെ അഭാവം മൂലം മാത്രം രക്ഷപ്പെട്ടവരാണ്‌ തങ്ങളെന്ന്! ഒരു പതിനാലുകാരനോ പതിനാറുകാരനോ ശിക്ഷ ഏറ്റുവാങ്ങുമ്പോള്‍ സമൂഹമാണ് കുറ്റക്കാര്‍ എന്ന ഒഴുക്കന്‍ ആശ്വാസം നമുക്കിനി വേണ്ട.
     സമൂഹത്തില്‍ ആരാണ് കുറ്റക്കാര്‍ എന്ന് കൃത്യമായി കണ്ടെത്താനും അത് ഉറക്കെ പറയാനും ഉള്ള ആര്‍ജ്ജവം ഇനി നമുക്ക് എന്നുണ്ടാവും എന്ന മറ്റു സമൂഹങ്ങളുടെ വിചാരണച്ചോദ്യത്തിനു മുന്‍പില്‍ കയ്യാമവുമായി തലകുനിച്ചു നില്ക്കുന്നത് ഇപ്പോള്‍ നമ്മള്‍ ഓരോരുത്തരുമാണ്... മുതിര്‍ന്ന ഇന്ത്യയാണ്!!!


-ഡിസൂസ

2 comments:

  1. Enthinum ethinum kuttikale kuttappeduthunna muthirnnavarkkulla munnariyippaanu ee lekhanam. Lekhakante kandethalukal 100% shariyaanu. Nammude muthirnnavarude chinthakalil maattam anivaaryam aayirikkunnu. Raajaavu nagnan aanu ennu vilichu paranja DENNY CHIMMEN-um sahapravarthakarkkum congratulations.

    ReplyDelete
  2. orupaadu maathaapithaakkaludeyum teachersinteyum akakkannu thurappikkaan upakarikkunna ithupole ulla articles MIRROR-il ninnum iniyum pratheekshikkunnu.

    ReplyDelete