Tuesday, September 6, 2011

STEROIDS & BODY BUILDING



ആരോഗ്യവും ആരോഗ്യപരിപാലനവും മുന്‍പൊക്കെ മലയാളിയുടെ ജീവിത ശൈലിയിലെ അടഞ്ഞ അദ്ധ്യായങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നത്തെ കേരളീയ യുവത്വം ഇതിനു വേണ്ടി എത്ര കഷ്ടപ്പെടാനും എത്ര പണം വേണമെങ്കിലും ചിലവഴിക്കാനും തയ്യാറായിരിക്കുന്ന അവസ്ഥയാണുള്ളത്. പക്ഷെ ആരോഗ്യപരിപാലനം ബോഡി ബില്ടിങ്ങിലേക്ക് വഴി മാറിയപ്പോള്‍ യുവാക്കള്‍ ഇതിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള യാത്രയില്‍ പലപ്പോഴും എത്തി നില്‍ക്കുന്നത് STEROID മരുന്നുകളിലാണ്.
നമ്മുടെ യുവാക്കളുടെ ആരോഗ്യപരിപാലനാസക്തി ഇവിടെ പുതിയൊരു 'ഹൈടെക് ജിം' സംസ്ക്കാരത്തിനു വഴി തെളിക്കുകയും ഇവിടെയൊക്കെ ആരോഗ്യം പ്രദാനം ചെയ്യുന്ന പുതുവഴികളിലൂടെ യുവാക്കളെ സഞ്ചരിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. അത്യാധുനിക ഉപകരണങ്ങള്‍ കാണിച്ചു യുവാക്കളെ ആകര്‍ഷിച്ച് അതിന്റെ മറവില്‍ മുതലെടുപ്പുകളും ചൂഷണങ്ങളും നടത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നത് ആത്മഹത്യാപരമാണ്.
സല്‍മാന്‍ ഘാനെയും മറ്റും മനസ്സില്‍ താലോലിച്ചു ഇത്തരം അത്യാധുനീക ആരോഗ്യ കളരികളില്‍ എത്തുന്ന യുവാക്കള്‍ പക്ഷെ അറിയുന്നില്ല സ്വാഭാവിക വ്യായാമ മുറകളിലൂടെ മസിലുകള്‍ വലുതാവുന്നതിന് ഒരു പരിധി ഉണ്ടെന്നും അത് ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചാണ് എന്നും. അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദീകരിക്കാതെ  അതിനെ മറികടക്കാനുള്ള എളുപ്പവഴികലെക്കുരിച്ചു വാചാലരാകുന്ന ജിംഅധികൃതര്‍ വിരിക്കുന്ന വലയുടെ കടുപ്പം നമ്മുടെ യുവത്വം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും അവര്‍ പോലും അറിയാതെ അവര്‍ ഇരയായി കഴിഞ്ഞിരിക്കും.
കഴിക്കാനുള്ള പൌഡര്‍ മുതല്‍ കുത്തിവെപ്പുകള്‍ വരെ പരന്നു കിടക്കുന്നതാണ് ഈ എളുപ്പവഴികള്‍. മരുന്നടിച്ചാല്‍ ആഴ്ചകള്‍ കൊണ്ട് മസിലുകള്‍ കനം വരും. അതിഭീകര പ്രത്യാഘാതങ്ങള്‍ ഉള്ള ഇന്ത്യക്ക് പുറത്ത് നിര്‍മ്മിക്കുന്ന ഇത്തരം മരുന്നുകള്‍ ഇന്ന് നമ്മുടെ ഗ്രാമങ്ങളില്‍ പോലും സുലഭമാണ്. ആവശ്യാനുസരണം പല പേരുകളില്‍ ലഭ്യമായ ഈ മരുന്നുകളുടെ വിതരണവും ഉപയോഗസംബന്ധ നിര്‍ദേശങ്ങളുടെ ലഭ്യതയും തികച്ചും ഫ്രീ ആയി ജിംഅധികൃതര്‍ നടത്തുന്നു. മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഇവര്‍ ഡോക്ടര്‍മാര്‍ ആണോ എന്നോ മരുന്നുകള്‍ തരാന്‍ ജിമ്മുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ ആണോ  എന്നോ നമ്മുടെ യുവാക്കള്‍ അന്വേഷിക്കാറില്ല. ഈ മരുന്നുകളുടെ പ്രത്യാഘാതങ്ങളില്‍ വ്യാപകവും പ്രധാനപ്പെട്ടതുമായ വന്ധ്യത, ക്യാന്‍സറുകള്‍, ഷണ്ഡത്വം തുടങ്ങിയവയുടെ ഉത്തരവാദിത്വം ജിം അധികൃതര്‍ ഏറ്റെടുക്കുന്ന പതിവുമില്ല.
15 വയസ്സ് മുതലുള്ള നമ്മുടെ കുട്ടികളുടെ സ്വാഭാവിക ഹോര്‍മോണുകളും കരളും നശിക്കുകയും മാറിടങ്ങള്‍ വളരുകയും മാനസീക വിഭ്രാന്തിക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും കുടലുകള്‍ ചുരുങ്ങുകയും ബ്ലഡ് കട്ടപിടിക്കാന്‍ സമയം കൂടുതല്‍ എടുക്കുകയും ചെയ്യുന്നതിനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നതിനു ആര്‍ സമാധാനം പറയും?
അറിവില്ലായ്മയോ ജിം അധികൃതരുടെ നിര്‍ബന്ധമോ എന്താണ് നമ്മുടെ യുവത്വത്തെ കശാപ്പു ചെയ്യുന്നത്?




-ലിജേഷ് ബാബു

1 comment:

  1. valare shradheyamaaya article aanu ithu. ithupolulla articles iniyum pratheekshikkunnu. LIJESH BABU-inu abhinandanangal.

    ReplyDelete