Thursday, September 8, 2011

INNINTE PENMOZHI


   കഴിവ് കേട്ടവരെ ഉയര്‍ത്താനുള്ള സംവരണത്തില്‍ പെടുത്തി  അവളെ അപമാനിക്കുന്ന ആണ്സമൂഹം ഇനിയും ചിരിക്കേണ്ട. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വച്ചിട്ടുള്ള സ്ത്രീ-പുരുഷ സമത്വം ഇന്ന് എവിടെയാണ്? അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം ഉടലെടുക്കുംപോഴേ മുതിര്‍ന്നവരില്‍ തുടങ്ങുന്ന ആധി തുടര്‍ന്നങ്ങോട്ട് വളര്ന്നുകൊണ്ടെയിരിക്കുന്നു! കാരണം ഇന്ന് കുടിലിലും കൊട്ടാരത്തിലും നിലനില്‍ക്കുന്ന സ്ത്രീധനം തന്നെ.
   ഒരു പെണ്‍കുഞ്ഞു ഭൂമിയില്‍ പിറന്നു വീണാല്‍ ഉടന്‍ തന്നെ തുടങ്ങുകയായി അവളുടെ നേരെയുള്ള നിരോധനാജ്ഞകള്‍- എഴുതിവെക്കപ്പെടാത്ത ഈ നിയമസംഹിതകളില്‍ ഒന്നെങ്കിലും തെറ്റിക്കുന്നുണ്ടോ അവള്‍ എന്ന് ശ്രദ്ധിക്കേണ്ട ബാധ്യത ആരും ഏല്‍പ്പിക്കാതെ തന്നെ സമൂഹം മൊത്തത്തില്‍ ഏറ്റെടുക്കുന്നു. 
 അടുത്ത വീട്ടില്‍ പോകാന്‍, കൂട്ടുകൂടാന്‍, നില്‍ക്കാന്‍, നോക്കാന്‍, ചിരിക്കാന്‍, സംസാരിക്കാന്‍, യാത്ര ചെയ്യാന്‍ എല്ലാം ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണങ്ങള്‍ ആണ് പെണ്‍കുട്ടികള്‍ക്ക്! വിദ്യാഭ്യാസം, ജോലി, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കല്‍ എന്നിങ്ങനെയുള്ള ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കാര്യങ്ങളില്‍പ്പോലും അവള്‍ക്കു പൂര്‍ണ്ണമായ വ്യക്തിഗതതീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. അറിവും ജീവിതവും പഠിക്കാന്‍ എത്തുന്ന വിദ്യാലയങ്ങളില്‍ എത്തിയാലും നിരോധനങ്ങള്‍ കൂടുന്നതെയുള്ളൂ. സഹപാഠിയായ ആണ്‍കുട്ടിയോട് സംസാരിക്കുന്നത് തെറ്റാണെന്ന് പഠിപ്പിക്കുന്ന വിദ്യാലയം, സത്യത്തില്‍ ഏത് യുഗത്തില്‍ ആണ് നിലകൊള്ളുന്നത്? വീട്ടില്‍ മാതാപിതാക്കള്‍ അവളെ തല്ലിയെല്‍പ്പിക്കുന്നതും ഇത് തന്നെയല്ലേ? ആണ്കുട്ടികളോട് അധികം ഇടപഴകുന്നത് നിന്റെ ഭാവിയെ ബാധിക്കും എന്ന് മൂന്നാം ക്ലാസ്സിലെ പെണ്‍കുട്ടിക്ക് ഉപദേശം കൊടുത്ത ഒരു അധ്യാപികയെ എനിക്ക് നേരിട്ട് അറിയാം. ഈ അധ്യാപിക കൌമാരക്കാരിയായ സ്വന്തം മകളുടെ സെക്സ്-സംബന്ധിയായ ഒരു കൊച്ചു സംശയത്തെ നേരിട്ടത് തീ പാറുന്ന കണ്ണുകലോടെയും അനാവശ്യ സംശയങ്ങള്‍ ചോദിക്കുന്നതിലെ 'വലിയ തെറ്റിനെ'ക്കുറിച്ചുള്ള അലറല്‍ നടത്തിക്കൊണ്ടും ആണ്! വയസ്സറിയിച്ച പെണ്‍കുട്ടികള്‍ക്ക് സ്വന്തം സഹോദരന്മാരോട് ഇടപഴകാന്‍ പോലും നിരോധനം ആണ്. ലൈംഗീകതയെക്കുരിച്ചു ചോദിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുന്നതിനെക്കുരിച്ചു പറയുന്ന അധ്യാപികമാരും കൂടി ചേരുമ്പോള്‍ പിന്നെ ഈ പെണ്‍കുട്ടിയുടെ മനസ്സ് കലുഷിതം ആകാതെ എന്ത് ചെയ്യും?
    ഒരിക്കലും ആണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിലും കോളേജിലും പഠിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ഒരു പെണ്‍കുട്ടിയും 'പിഴച്ചു'പോയിട്ടില്ല. പെണ്‍കുട്ടികള്‍ക്ക്  മാത്രമുള്ള സ്കൂളും കോളേജും കഴിഞ്ഞു പുറത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ ആണ് ജീവിതത്തെയും സമൂഹത്തെയും നേരിടാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഏറെ പെണ്‍കുട്ടികളും എന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറയുന്നു. അപ്പോള്‍ ഈ പെണ്സമൂഹം എങ്ങോട്ടാണ് പോവുന്നത്?
   പെണ്ണ് മാത്രം വിചാരിച്ചാല്‍ ഒരിക്കലും സാധ്യമാവാത്ത 'പിഴക്കല്‍' പക്ഷെ ആണിനെ ബാധിക്കുന്നില്ല! പിഴച്ചവള്‍ എന്ന് നമ്മളെല്ലാം ഒരുപാട് കേട്ടിട്ടുണ്ട്, പക്ഷെ പിഴച്ചവന്‍ എവിടെപ്പോയി?!! ആണ്‍കുട്ടിക്ക് അന്യജാതിയില്‍ നിന്നോ അന്യമതങ്ങളില്‍ നിന്നോ വിവാഹം ആവാം. പക്ഷെ പെണ്‍കുട്ടി അന്യജാതിയിലെയോ അന്യമതത്തിലെയോ ആളെ വിവാഹം കഴിച്ചാലോ? ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാളെ പെണ്ണിന്റെ തലയില്‍ കെട്ടിവക്കാന്‍ പൊന്നും പണവും കൊണ്ട് എത്ര തുലാഭാരം വേണമെങ്കിലും നടത്താന്‍ എല്ലാവര്ക്കും എന്തൊരു ഉത്സാഹം ആണ്? അത് കഴിഞ്ഞാലുള്ള അവരുടെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും ഒരു ഉറപ്പു കൊടുക്കാന്‍ ഈ 'അഭിമാനക്കാര്‍ക്ക്' കഴിയുമോ? ഇനി ആ തീരുമാനത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചുകൂടെന്നില്ലല്ലോ? ആ ഘട്ടത്തില്‍ ആ തെറ്റായ തീരുമാനം തിരുത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ എത്ര പേര്‍ പ്രോത്സാഹിപ്പിക്കാറുണ്ട്? ഒരു വിവാഹമോച്ചനത്തിനു ആഗ്രഹിക്കുന്ന അവളെ സ്വന്തം കുടുംബാങ്ങള്‍ പോലും ഇഷ്ടക്കുറവു പ്രകടിപ്പിച്ചു വിഷമിപ്പിക്കാരല്ലേ പതിവ്? സ്വന്തം മകളുടെ വിവാഹമോചനത്തിന് താല്‍പര്യക്കുറവു കാണിച്ച മാതാപിതാക്കളുടെ തെറ്റായ തീരുമാനം മൂലം വിലപ്പെട്ട 9 വര്‍ഷങ്ങള്‍ ജീവിതത്തില്‍ നിന്നും നഷ്ടപ്പെട്ട ഒരു യുവതിയെ എനിക്ക് നേരിട്ടറിയാം. എന്നിട്ട് ആ യുവതി സ്വന്തം നിലക്ക് പുതിയൊരു ചെറുപ്പക്കാരനെ ഭര്‍ത്താവായി കണ്ടെത്തിയതിലെ ഇഷ്ടക്കുറവു ആ മാതാപിതാക്കള്‍ പ്രകടിപ്പിച്ചത് ഇല്ലാത്ത മറ്റൊരു കാരണത്തിന്റെ മറവില്‍ ഈ മകളെ തങ്ങളുടെ അസാന്നിധ്യത്തില്‍ സ്വന്തം അനുജത്തിയെക്കൊണ്ട് വീട്ടില്‍ പൂട്ടിയിടാന്‍ ശ്രമിച്ചുകൊണ്ടാണ്. അങ്ങനെ  ഒരു പെണ്‍കുട്ടിയുടെ ജനനം മുതല്‍ വിവാഹം വരെയുള്ള പ്രധാന കാര്യങ്ങളില്‍ എല്ലാം ഇടപെട്ടു അവളുടെ ജീവിതം കലക്കി കഴിഞ്ഞാല്‍ എല്ലാവരും ആശ്വാസത്തോടെ നടുവൊന്നു നിവര്‍ക്കും!
   എന്തുകൊണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ പൊതുവേ അബലകള്‍ ആയി കണക്കാക്കപ്പെടുന്നു? എന്തിനും ഏതിനും അവള്‍ക്കു പോരാടെണ്ടിവരുന്നത്‌ എന്തുകൊണ്ടാണ്? വ്യക്തിഗത സുഖങ്ങളും സ്വന്തം അഭിപ്രായങ്ങളും അവള്‍ എന്തുകൊണ്ട് ത്യജിക്കുന്നു? എല്ലാക്കാര്യങ്ങളിലും പുരുഷനെ ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അംഗീകാരത്തിനായി മുറവിളി കൂട്ടാനായി അവളെ നിരന്തരം പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? നിലവിലുള്ള നിയമങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവള്‍ പുതിയ നിയമങ്ങല്‍ക്കായി നിലവിളിക്കുന്നതിന്റെ പ്രസക്തി എന്താണ്? ഉത്തരം കിട്ടാന്‍ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. കാലം മാറ്റിമറിച്ച സാമൂഹ്യകാഴ്ച്ചപ്പാടുകള്‍ ഉളവാക്കുന്ന വേദന മാറ്റാന്‍ അവനവനു മാത്രമേ കഴിയൂ. അതിനു ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ചരിത്രത്തെ വിശ്വസിക്കാമെങ്കില്‍ സ്ത്രീ അധികാരത്തിന്റെയും ശക്തിയുടെയും മൂര്‍ത്തീഭാവമായിരുന്ന ഒരു കാലവും ഇവിടെ ഉണ്ടായിരുന്നല്ലോ? അപ്പോള്‍ മാറിയത് സമൂഹത്തിന്റെ കാഴ്ചപ്പാടാണ്. മതം, സ്വത്ത്, അധികാരം എന്നീ ഘടകങ്ങള്‍ ചേര്‍ന്ന് കളിച്ച കളിയാണ് ഇവിടെ സ്ത്രീയുടെ സ്ഥാനത്തിനു ഇളക്കം വരുത്തിയത്. വിദേശ ശക്തികളുടെ ആക്രമണം, ആധിപത്യം, ആകര്‍ഷണം എന്നിവയാണല്ലോ നമ്മുടെ സംസ്ക്കാരത്തെ മാറ്റിമറിച്ച ഘടകങ്ങള്‍. ആ സാഹചര്യത്തില്‍ സ്ത്രീയെ സംരക്ഷിക്കുകയെന്ന സല്‍പ്രവൃത്തിയേ പുരുഷന്‍ ചെയ്തുള്ളൂ. താങ്ങുണ്ടെങ്കില്‍ തളര്‍ച്ചയും കൂടാം. അതില്‍ സ്ത്രീയുടെ കൂടി പങ്കും ഉണ്ടാവാം. 
   എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും വൃത്തികെട്ട എത്തിനോട്ടക്കാരും ആക്രാന്തക്കാരുമായി നമ്മുടെ മലയാളി സമൂഹം എന്ന് ഈ അഭിമാനക്കാരും സംസ്കാരക്കാരും ഒന്ന് ചിന്തിച്ചിട്ടുണ്ടോ? ചെറുപ്പം മുതല്‍ ആണും പെണ്ണും ഒന്നിച്ചു ഇടപഴകുന്ന ലോകത്തിലെ മറ്റൊരു നാട്ടിലും സംസ്കാരത്തിലും ഇല്ലാത്തതാണ് ഈ മാനസീക വൈകല്യം. നമ്മുടെ സ്ത്രീകളുടെ വസ്ത്രധാരണ ശൈലിയിലും പ്രശ്നങ്ങളുണ്ട്. പക്ഷെ അതിനേക്കാള്‍ പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ മനസ്സില്‍ അല്ലേ ഉള്ളത്? എല്ലാറ്റിനും കാരണം പുരുഷന്മാര്‍ ആണ് എന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകള്‍ യഥാര്‍ത്ഥ വിഷയം മറച്ചു പിടിക്കുകയാണ്. ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നത് അറിഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ തുനിഞ്ഞ 'സ്വന്തം പുരുഷനോട്' "നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ മനുഷ്യാ" എന്ന് ചോദിച്ച മലയാളി സ്ത്രീയുടെ മനസ്സില്‍ എന്തായിരുന്നു ആ സമയത്ത് കടന്നുപോയ ചിന്ത എന്ന് ഉറക്കെ പറയാന്‍ നമ്മുടെ അറിയപ്പെടുന്ന ഏതെങ്കിലും ഫെമിനിസ്ടിനു കഴിയുമോ?
    വാ തോരാതെ പ്രസംഗിക്കുന്നത് നിര്‍ത്തിക്കൊണ്ട് സ്ത്രീപുരുഷ സമത്വത്തിനു വേണ്ടിയുള്ള പ്രായോഗിക പദ്ധതികള്‍ അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും തയ്യാറാക്കാന്‍ ഭരണകൂടവും സമൂഹവും ആത്മാര്തമായി കൈ കോര്‍ക്കണം.
                                                                                                                                              -അളകനന്ദ

1 comment:

  1. Feminisathinte perum paranju theruvukalilum auditoriyangalilum therikal vilichu parayunnavarkkulla shakthamaaya adi aanu ee lekhanam. manassaakshiyulla sthreekal yadhaarthathil shradha pathippikkenda vishayam avatharippicha ALAKANANDA abhinandanam arhikkunnu.

    ReplyDelete