Monday, September 12, 2011

FREEDOM OF MEDIA IN KERALA

     ഏറ്റവും പ്രബുദ്ധരെന്നു സ്വയം ഗീര്‍വാണം മുഴക്കി മറ്റുള്ള സമൂഹങ്ങളെയെല്ലാം പരിഹസിക്കുന്ന വിവരദോഷികള്‍ ആണ് മലയാളികള്‍ എന്ന യാഥാര്‍ത്ഥ്യം ഇന്ന് നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നു.
     സര്‍ സീപീയുടെ തെമ്മാടിത്തത്തിനെതിരെ ശബ്ദിച്ച 'മനോരമ'യും അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന്  പോലീസും ഗുണ്ടകളും ചേര്‍ന്ന് 'വേണ്ടുന്നതു' കൊടുത്ത 'മാതൃഭൂമി'യുടെ  വി.ബി ഉണ്ണിത്താനും നേതാക്കളുടെ പൊയ്മുഖങ്ങള്‍ വലിച്ചുകീറുന്നത്തിനുള്ള സമ്മാനമായി ഓഫീസ് അടിച്ചു തകര്‍ക്കലും വധഭീഷണിയും  നേരിടുന്ന 'ക്രൈം വാരിക'യുടെ പത്രാധിപരും യഥാര്‍ത്ഥ വികസനത്തിന്‌ വേണ്ടി ആഗ്രഹിക്കുന്ന അസംഘടിതരായ പൊതുജനങ്ങളുടെ ചിന്തകളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിനു വധഭീഷണി നേരിടുന്ന 'ദി മിറര്‍ ഓണ്‍ലൈന്‍ മാസിക'യുടെ പത്രാധിപരും ഉള്‍പ്പെടെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി ജനിച്ച നാടിനു വേണ്ടി ശബ്ദിക്കുന്ന എത്രയോ പേരാണ് സ്വന്തം ജീവന്‍ സമൂഹത്തിനു വേണ്ടി പണയപ്പെടുത്തുന്നത്?
     സ്വന്തം ആവശ്യത്തിനു വേണ്ടിയല്ലാതെ സമൂഹത്തിന്റെ പൊതുവായ നന്മക്കുവേണ്ടി ശബ്ദിക്കുന്ന ഇവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ പൊതുവികാരം എന്താണ്? ഇവിടെ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും എതിര്‍ഭാഗത്ത് വരുന്നത് പോലീസും രാഷ്ട്രീയവും ബിസിനെസ്സുകാരിലെ കള്ളനാണയങ്ങളും ആണ്. ഇവരുടെ വികാരങ്ങളില്‍ പൊതുവായി എന്ത് ഘടകമാണ് ഉള്ളത്?
     ഒരു ജനാധിപത്യ രാജ്യത്തിന്റെ ജീവവായുവാണ് അവിടത്തെ മാധ്യമങ്ങള്‍. സത്യസന്ധമായ ഭരണകൂടത്തിനും പൊതുജനത്തിനും ഇടയിലെ പാലം ആണ് അവ. അപ്പോള്‍ ഈ പാലത്തെ കേരളത്തില്‍ ഭയക്കുന്നത് ആരാണ്? അധികാരസ്ഥാനങ്ങളുടെ ഉത്തരവാധിത്വക്കുറവും  അശ്രദ്ധയും ജനങ്ങള്‍ അറിയുന്നതിനെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്നത് ഏതു ക്രിമിനലുകള്‍ ആണ്?
     ചര്‍ച്ചകളും സംവാദങ്ങളും ഒരു നാടിന്റെ മുന്നോട്ടുള്ള യാത്രക്ക് അത്യാവശ്യമാണ്. അല്ലാതെ തങ്ങള്‍ക്കു ഇഷ്ടമില്ലാത്തത് ഒന്നും ആരും പറയരുത് എന്നും മറിച്ച് സംഭവിച്ചാല്‍ തകര്‍ത്തു കളയും എന്നും പറയുന്ന ഭാഷ ഫാസിസത്തിന്റെതാണ്. അസഹിഷ്ണുത ഫാസിസത്തിന്റെ മുഖമുദ്ര ആണ്. ഇവിടെ ഭരണകൂട ഭീകരതെക്ക് എതിരെ പൊതുജനങ്ങളെ ബോധവാന്മാര്‍ ആക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ നിഷ്ഷബ്ദമാക്കുന്നത് എന്തിനു വേണ്ടിയുള്ള മുന്നോരുക്കമായാണ്? മാധ്യമങ്ങളെ നിശബ്ദരാക്കിക്കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ക്കു ഇവിടെ എന്തും ആവാമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വമാണോ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണോ അതിനു വളമിടുന്ന പോലീസാണോ കൂടുതല്‍ വലിയ ഭീകരന്‍?
ഇത്തരം അഴിഞാട്ടക്കാരുടെ ആള്‍ക്കൂട്ടമായി കേരളീയര്‍ മാറാന്‍ തുടങ്ങിയത് എന്ന് മുതല്‍ക്കാണ്? അതിനു ഉത്പ്രേരകം ആയി വര്‍ത്തിക്കുന്നത് എന്താണ്?
     അണികളുടെ വിനാശകരമായ വികാരപ്രകടനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കഴിയാത്ത നേതാക്കള്‍ രാഷ്ട്രീയ സംഘടനകളുടെ കടിഞ്ഞാണ്‍ കയ്യിലെടുക്കുന്നത് പൌരന്മാരുടെ സമാധാന ജീവിതത്തിനു ഹിതകരമാണോ? കേരളീയ സമൂഹം ഉറക്കെ ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ തുടങ്ങിയില്ലെങ്കില്‍ ഇനിയൊരിക്കല്‍ അതുകൊണ്ട് ഫലമുണ്ടായില്ലെന്ന് വരും. കാരണം സ്ഥിതിവിശേഷം അത്ര ഭീകരവും വിനാശകാരിയും ആണ്!


-ജോജിത്ത്

2 comments:

  1. Sathyathe olichu vakkaan ettavum eluppathil cheyyaavunnathu sathyam parayunnavante naakku murichu kalayukayaanu. Ethra prathisandhikal undaayaalum MIRROR-inu nattellu panayam vakkaathe munpottu povaan kazhiyatte.

    ReplyDelete
  2. Your findings are 100% correct, Mr.Jojith.

    ReplyDelete