Tuesday, August 30, 2011

ONNU NILKKANE...

ഒന്ന് നില്‍ക്കണേ ദേവീ
ഞാനൊന്ന് പുണര്‍ന്നോട്ടെ 
പിന്നെ നീ തുടര്‍ന്നോളൂ
ഗമനം മുന്നെപ്പോലെ
     പുത്തനാടകള്‍ നിത്യം
     മാറി നീ ചമയുമ്പോള്‍
     അറിയുന്നീലാ നിന്നെ
     എങ്ങനെ പൂകേണ്ടൂ ഞാന്‍
വാത്മീകിയന്നേകിയ
വല്‍ക്കലം മാറ്റിപ്പുത്തന്‍
മുണ്ടും വേഷ്ടിയും കാളി-
ദാസനോ നിനക്കേകി
     കുഞ്ച, തുഞ്ചന്മാര്‍ തന്ന
     സാരിയില്‍ നിന്നെക്കണ്ടൂ
     അന്നൊന്നും പൂകാന്‍ നിന്നെ
     കഴിഞ്ഞില്ലെനിക്കൊട്ടും
പിന്നെ ഞാന്‍ കണ്ടൂ നിന്നെ
ആശാനും വള്ളത്തോളും
ഉള്ളൂരും ചുറ്റിപ്പറ്റി
ശ്രുംഗരിച്ചീടുന്നതായ്
     ആശിച്ചു ഞാനന്നൊന്നു-
     മടുക്കാന്‍ കഴിഞ്ഞില്ല
     ഇന്നിതാ നിന്നെക്കാണു-
     ന്നത്യന്താധുനികത്തില്‍
അയ്യപ്പപണിക്കരും
കൂട്ടരുമണിയിച്ച
വേഷത്തിലഹന്തയാര്‍-
ന്നമരും നിന്നെപ്പൂകാന്‍
     കൊതിക്കുന്നെന്നെത്തെല്ലോ-
     ന്നടുപ്പിക്കണേ ദേവീ
     ഒന്ന് നില്‍ക്കണേ ദേവീ
     ഞാനൊന്ന് പുണര്‍ന്നോട്ടെ!!!


-പി.കെ.ഫ്രാന്‍സീസ് മാസ്റ്റര്‍, ചിറ്റാട്ടുകര
(Courtesy: JOURNAL, Trichur Training College- 1977)

1 comment:

  1. Nalla lakshanamotha kavitha! Nammude naattil orupaadu prathibhakal ariyappedaathe povunnu. kandethalinteyum prolsaahanathinteyum vazhipizhacha reethikal aanu athinu kaaranam. Enthu cheyyaam?

    ReplyDelete